മൈക്ക് തകരാറായതിന് കേസെടുത്തത് കേട്ടുകേൾവി ഇല്ലാത്ത സംഭവം: വി.ഡി.സതീശൻ
മുഖ്യമന്ത്രിയുടെ ഓഫീസ് അപഹാസ്യമായെന്നും വി.ഡി.സതീശൻ പറഞ്ഞു.
തിരുവനന്തപുരം: മൈക്ക് തകരാറിലായതിൽ കേസ് എടുത്തത് കേട്ടുകേൾവി ഇല്ലാത്ത സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് ആരൊക്കെയോ ഹൈജാക്ക് ചെയ്തു. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അപഹാസ്യമായെന്നും വി.ഡി.സതീശൻ പറഞ്ഞു.
മൈക്കിനെ പോലും ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഒരു ഭരണാധികാരി പാതാളത്തോളം തരം താഴ്ന്നു എന്നതിന് തെളിവാണിത്. പിണറായി വിജയനെ സുഖിപ്പിക്കാനാണ് പോലീസ് ശ്രമമെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം, കേസിൽ സുരക്ഷാപരിശോധനയല്ലാതെ ഒരു നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. പരിശോധനയ്ക്ക് ശേഷം മൈക്ക് സെറ്റ് ഉടമയ്ക്ക് തിരികെ നൽകി.
മൈക്ക് തകരാറായ സംഭവത്തിൽ കോണ്‍ഗ്രസ് സത്യാവസ്ഥ വ്യക്തമാക്കണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ ആവശ്യപ്പെട്ടത്. വി.ടി.ബൽറാം എഴുന്നേറ്റ് നിന്നപ്പോഴാണ് മുദ്രാവാക്യം വിളി ഉണ്ടായതും മൈക്ക് തകരാറിലായതും. പലകാര്യങ്ങളും കൂട്ടിവായിക്കുമ്പോൾ പന്തികേടുണ്ടെന്നും എ.കെ.ബാലൻ ആരോപിച്ചു.
Adjust Story Font
16