'ഇനിയൊരു ദുരന്തമുണ്ടാകരുത്, മുൻകരുതൽ വേണം'; വയനാട്ടിൽ വേണ്ടത് സമഗ്രമായ പുനരധിവാസമെന്ന് വി.ഡി സതീശൻ
കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് നയരൂപീകരണം നടക്കണം. ഇതിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
തിരുവനന്തപുരം: വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെയാകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമഗ്രമായ ഒരു ഫാമിലി പാക്കേജായി പുനരധിവാസം ആസൂത്രണം ചെയ്യണം. ഉരുൾപൊട്ടൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകളെടുക്കണമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
'ദുരിതബാധിതരായ ഓരോ കുടുംബത്തെയും പ്രത്യേകമായി പരിഗണിക്കണം. കുടുംബങ്ങൾക്ക് വാടക വീടുകൾ ഒരുക്കണം. പുതിയ വീടുകളിലേക്ക് മാറാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കണം. ദുരന്തത്തിൽപ്പെട്ടവർക്ക് തൊഴിൽ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണം. സ്വയം തൊഴിലുകൾ കണ്ടെത്താൻ സൗകര്യമൊരുക്കണം'- പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇനി ഇങ്ങനെയൊരു ദുരന്തമുണ്ടാകാതിരിക്കാൻ മുൻകരുതൽ വേണം. സങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മുന്നറിയിപ്പുകൾ നൽകാനുള്ള സംവിധാനം സംസ്ഥാനത്താകെ നടപ്പിലാക്കണം. കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് നയരൂപീകരണം നടക്കണം. ഇതിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Adjust Story Font
16