'ബാർകോഴക്കേസ് എത്ര തവണ പരാമർശിക്കപ്പെട്ടു'; കോടതി പരിഗണിക്കുന്ന വിഷയങ്ങൾ നേരത്തെയും ചർച്ചചെയ്തിട്ടുണ്ടെന്ന് വി.ഡി സതീശൻ
'സോളാർ കേസിൽ നിങ്ങൾ പറഞ്ഞ പോലെ ഞങ്ങൾ പറയില്ല. ഇ.ഡി ഇപ്പോഴല്ലേ പാൽക്കുപ്പിയുമായി വന്നത്'
തിരുവനന്തപുരം: കോടതി പരിഗണിക്കുന്ന വിഷയങ്ങൾ നേരത്തെയും ചർച്ചചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലൈഫ് മിഷൻ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല, ബാർകോഴക്കേസ് നടക്കുമ്പോൾ എത്ര തവണ പരാമർശിക്കപ്പെട്ടു. രാജ്യത്തിനകത്തും പുറത്തുമായി വ്യാപിച്ച് കിടക്കുന്ന കേസ് വിജിലൻസ് എങ്ങനെ അന്വേഷിക്കുമെന്നും സതീശൻ നിയമസഭയില്‍ ചോദിച്ചു.
സോളാർ കേസിൽ നിങ്ങൾ പറഞ്ഞ പോലെ ഞങ്ങൾ പറയില്ല. ഇ.ഡി ഇപ്പോഴല്ലേ പാൽക്കുപ്പിയുമായി വന്നത്. മൂന്നു വർഷമായി എവിടെയായിരുന്നു? ഞങ്ങൾക്ക് ഇതിലെല്ലാം സംശയമുണ്ടെന്നും സതീശൻ പറഞ്ഞു.
അതേസമയം ലൈഫ് മിഷൻ കോഴ ഇടപാടിനെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രിയും മാത്യു കുഴൽനാടനും തമ്മിൽ വാക്പോരുണ്ടായി. ക്ലിഫ് ഹൌസിൽ വെച്ച് കോൺസലേറ്റ് ജനറലും സ്വപ്ന സുരേഷും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടോയെന്നും കുഴൽനാടൻ ചോദിച്ചു.
ആരോപണം പച്ചക്കള്ളമാണെന്നും എല്ലാം നേരത്തെ വിശദീകരിച്ച കാര്യങ്ങളാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ആരോപണം തെറ്റാണെങ്കിൽ മുഖ്യമന്ത്രിക്ക് കോടതിയെ സമീപിക്കാമെന്ന് കുഴൽനാടൻ പറഞ്ഞു. കുഴൽനാടൻ അന്വേഷണ ഏജൻസിയുടെ വക്കീലാണോയെന്നും തനിക്ക് കുഴൽനാടന്റെ ഉപദേശം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16