പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവർ മുണ്ടക്കൈയിലുണ്ടെന്ന് പ്രതിപക്ഷ നേതാവ്
കേന്ദ്രസഹായം ലഭിക്കാത്തത് ഗുരുതരമായ വിഷയമാണെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സർക്കാരിന്റെ ഭാഗത്ത് നിന്ന് പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവർ മുണ്ടക്കൈയിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ ഒട്ടനവധി നിർദ്ദേശങ്ങൾ പ്രതിപക്ഷം സർക്കാറിന് മുമ്പിൽ നൽകി. രണ്ടുമൂന്ന് പ്രധാനപ്പെട്ട കാരണങ്ങൾ ഉള്ളതുകൊണ്ടാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്.
കേന്ദ്രസഹായം ലഭിക്കാത്തത് ഗുരുതരമായ വിഷയമാണ്. കേന്ദ്രസർക്കാർ സഹായം നൽകാത്തത് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. എന്തൊരു അവഗണനയാണ് നമ്മളോട് ചെയ്യുന്നത്. താൽക്കാലികമായ ധനസഹായം പോലും കേരളത്തിന് നൽകുന്നില്ല. ആരുടെയും തറവാട്ട് സ്വത്തല്ലല്ലോ പണം. നമ്മൾ നികുതി കൊടുക്കുന്നവരല്ലേ. സംസ്ഥാനത്തിന് സഹായം കൊടുക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. സംസ്ഥാനത്തിന് ദുരന്തം ഉണ്ടാകുമ്പോൾ സഹായിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. കേന്ദ്രത്തിനുമേൽ സംസ്ഥാന സർക്കാർ കൂടുതൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട് കത്ത് നൽകിയിട്ടുണ്ട് മെമ്മോറാണ്ടം നൽകിയിട്ടുണ്ട് എന്നിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ഇതിനപ്പുറത്തേക്ക് പോകേണ്ടതുണ്ട്. പത്ത് പതിനഞ്ച് ദിവസം തിരച്ചിൽ നടത്തിയിട്ട് ചുരം ഇറങ്ങിപ്പോന്നാൽപ്പോരെന്നും നമ്മൾ അത് മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനരധിവാസം കുറച്ചൂകൂടി വേഗത്തിലാക്കണം. പ്രഖ്യാപിച്ച പദ്ധതികൾ എല്ലാവർക്കും കിട്ടുന്നുവെന്ന് ഉറപ്പാക്കണം. 10000 രൂപ പോലും എത്തേണ്ട കൈകളിൽ എത്തിയിട്ടില്ല. പരിക്കേറ്റവർക്കും, വിദ്യാഭ്യാസ സഹായം വേണ്ടവർക്കും പണം ലഭിച്ചിട്ടില്ല. വ്യാപകമായി പ്രശ്നം പലയിടത്തുമുണ്ട്. വാടകയും തുടർചികിത്സയും കിട്ടാത്തവരുമുണ്ട്. പലയിടങ്ങളിലും ബ്യൂറോക്രാറ്റിക് മന്ദതയുണ്ട്. അത് സംവിധാനങ്ങളുടെ വീഴ്ചയായി കാണണം. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പൂർണ്ണമായ സഹകരണം ഇതുവരെ ഉണ്ടായിട്ടുണ്ട്. വീഴ്ച കണ്ടെത്താൻ മൈക്രോസ്കോപ്പുമായി നടന്നവരല്ല ഞങ്ങൾ. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ഞങ്ങളുടെ കൂടെ നിൽക്കുന്നുവെന്ന മനസ്സമാധാനം എങ്കിലും ദുരന്തബാധിതർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16