സാധാരണക്കാരുടെ നെഞ്ചിൽ ചവിട്ടിയാണ് നവകേരള യാത്രയെന്ന് വിഡി സതീശൻ
ജനസമ്പർക്ക യാത്രയെ ആക്ഷേപിച്ചവർ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്നും ജനകീയ പ്രശ്‌നങ്ങൾ എന്ന് പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു
തിരുവനന്തപുരം: സാധാരണക്കാരുടെ നെഞ്ചിൽ ചവിട്ടിയാണ് നവകേരള യാത്രയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനസമ്പർക്ക യാത്രയെ ആക്ഷേപിച്ചവർ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം. ജനകീയ പ്രശ്‌നങ്ങൾ എന്ന് പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അതിനുശേഷം വേണം നവകേരള സദസ്സ് നടത്താനെന്നും വി.ഡി.സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവൽ പ്രശ്‌നങ്ങളും പരിഹരിക്കാത്ത സർക്കാർ നവകേരള സദസ്സിൽ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുക എന്ന് ചോദിച്ച് വി.ഡി സതീശൻ നിരവധി ചോദ്യങ്ങളാണ് സർക്കാറിന് നേരെ ഉന്നയിക്കുന്നത്. '52 ലക്ഷം പേർക്ക് നാല് മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. ഇവരുടെ പ്രശ്നങ്ങൾ എന്ന് പരിഹരിക്കും?. കർഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പി.ആർ.എസ് വായ്പ നെൽ കർഷകന് തീരാ ബാധ്യതയായിരിക്കുന്നു. നാളികേര കർഷകർ അവഗണന നേരിടുകയാണ്. റബ്ബർ കർഷന്റെ 250 രൂപ താങ്ങുവില എവിടെ? കർഷകരുടെ പ്രശ്നങ്ങൾ എന്ന് പരിഹരിക്കും?.
ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാനായി 9 ലക്ഷം പേർ കാത്തിരിക്കുകയാണ്. വീട് ലഭിക്കുമെന്ന ഉറപ്പിൽ നിരവധി പേരാണ് കുടിലുകൾ പൊളിച്ചു മാറ്റി മാസങ്ങളായി പെരുവഴിയിലായത്. ശൗചാലയം പോലും ഇല്ലാത്ത നിരവധി പേരുടെ ദുരവസ്ഥ നമ്മൾ കണ്ടതാണ്. ഇവർക്ക് ആര് ആശ്വാസം നൽകും?. വിലക്കയറ്റത്തിൽ ആശ്വാസമാകേണ്ട സപ്ലൈകോ വെന്റിലേറ്ററിലാണ്. മാവേലി സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ എന്ന് എത്തിക്കും?.
പാവപ്പെട്ട നിരവധി രോഗികളാണ് കാര്യണ്യ പദ്ധതിയുടെ കാരുണ്യം കാത്ത് നിൽക്കുന്നത്. ഇവരെ ആര് സഹായിക്കും?. മുഖ്യമന്ത്രിയും സംഘവും ഒന്നര കോടിയുടെ ആഢംബര ബസിൽ സഞ്ചരിക്കുമ്പോൾ പാവപ്പെട്ട കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ പെൻഷനും ശമ്പളവും ആര് നൽകും?. തുടങ്ങി നിരവധി ചോദ്യങ്ങളാണ് സർക്കാറിനെതിരെ സതീശൻ തൊടുത്തു വിട്ടത്. ആഢംബര ബസിലെ കറങ്ങുന്ന കസേരയിൽ രാജാവിനെ പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ സാധാരണക്കാർ തൊഴുത് വണങ്ങി നിൽക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു.
ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രശ്നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കണ്ടിരുന്ന ഉമ്മൻ ചാണ്ടിയുമായാകും കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന പിണറായി വിജയനെയും പരിവാരങ്ങളെയും ജനം താരതമ്യപ്പെടുത്തുന്നതും വിലയിരുത്തുന്നതുമെന്നും സതീശൻ ചൂണ്ടികാട്ടി. ജനസമ്പർക്ക പരിപാടി വില്ലേജ് ഓഫീസറുടെ പണിയെന്ന് ആക്ഷേപിച്ച പിണറായി വിജയനും സി.പി.എമ്മും ഉമ്മൻ ചാണ്ടിയെന്ന മനുഷ്യസ്നേഹിയോട് പരസ്യമായി മാപ്പ് പറയണം. ധൂർത്തിന്റെയും അഴിമതിയുടെയും പാപഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ ഈ ആഢംബര യാത്രയെ കേരളീയർ അവജ്ഞയോടെ കാണുമെന്നും സതീശൻ പറഞ്ഞു.
Adjust Story Font
16