Quantcast

വി.ഡി സതീശൻ ഇന്ന് പാണക്കാട്ട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തും

മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശക്തമായ സമയത്താണ് കൂടിക്കാഴ്ച

MediaOne Logo

Web Desk

  • Updated:

    2023-11-07 01:59:43.0

Published:

7 Nov 2023 1:01 AM GMT

vd satheesan
X

വി.ഡി സതീശന്‍

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് പാണക്കാട് എത്തും. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങളും സതീശനും കൂടിക്കാഴ്ച നടത്തും. മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശക്തമായ സമയത്താണ് കൂടിക്കാഴ്ച . കോൺഗ്രസിലെ പ്രശ്നങ്ങൾ തെരുവിലേക്ക് എത്തിയതിൽ മുസ്‍ലിം ലീഗിന് അമർശമുണ്ട്. ഈ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഫലസ്തീൻ വിഷയവും ചർച്ചയാവാനാണ് സാധ്യത.

മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത് ഇടഞ്ഞു നിൽക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക ലീഗിനുണ്ട്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന അഭിപ്രായവും ലീഗിലുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് നേരിട്ട് ചർച്ചക്കെത്തുന്നത്.

മലപ്പുറത്ത് കോൺഗ്രസ് കൺവെൻഷൻ

ഗ്രൂപ്പ് തർക്കം അതിരൂക്ഷമായി തുടരുന്ന മലപ്പുറത്ത് ഇന്ന് കോൺഗ്രസ് കൺവെൻഷൻ. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൺവെൻഷനിൽ പങ്കെടുക്കും. കെ.പി.സി.സിയുടെ വിലക്കുള്ളതിനാൽ ആര്യാടൻ ഷൗക്കത്തിന് കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയില്ല.

പുനഃസംഘടനയെ തുടർന്ന് മലപ്പുറത്തെ കോൺഗ്രസിൽ വലിയ കലഹമാണ് നിലനിൽക്കുന്നത്. പ്രശ്നങ്ങൾ ഏറ്റവും സങ്കീർണമായി നിൽക്കുന്ന സമയത്താണ് ജില്ല, നേതൃ കൺവെൻഷൻ നടക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള തയ്യറെടുപ്പാണ് കൺവൻഷന്റെ അജണ്ട. പുനസംഘടനയിൽ എ. ഗ്രൂപ്പിനെ അവഗണിച്ചു എന്നാണ് പരാതി. വിലക്ക് നിലനിൽക്കുന്നതിനാൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. എന്നാൽ എ. ഗ്രൂപ്പിന്‍റെ പ്രധാനപെട്ട മറ്റ് നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും. കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും നേരിൽ കണ്ട് എ. ഗ്രൂപ്പ് നേതാക്കൾ പരാതി അറിയിക്കാനും സാധ്യതയുണ്ട്. ഇരുവിഭാഗം നേതാക്കളുമായി കെ.സുധാകരനും വി.ഡി. സതീശനും കൂടികാഴ്ച നടത്തിയേക്കും.



TAGS :

Next Story