''പണക്കാരുടെ മക്കള്‍ പഠിച്ചാല്‍ മതിയെന്ന നിലപാടാണോ സര്‍ക്കാരിന്?'' പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിപക്ഷ നേതാവ്
പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ യജ്ഞം നടത്തിയവര്‍ ഇപ്പോള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളെ സഹായിക്കുകയാണ്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്നം പരിഹരിക്കാമെന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അപ്രായോഗികമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു-
പണമുള്ളവരുടെ മക്കള്‍ മാത്രം പഠിച്ചാല്‍ മതിയെന്നതാണോ വിദ്യാഭ്യാസ മേഖലയിലെ സമീപനമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കു പോലും പ്ലസ് വണ്‍ പഠനത്തിന് ഇഷ്ട വിഷയമോ ഇഷ്ട സ്‌കൂളോ ലഭിക്കാത്ത അവസ്ഥ ഗൗരവമായി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്നം പരിഹരിക്കാമെന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അപ്രായോഗികമാണ്. സീറ്റുകളല്ല, ബാച്ചുകളാണ് കൂട്ടേണ്ടത്.
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണെന്നും അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു വി.ഡി സതീശന്‍.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ യജ്ഞം നടത്തിയവര്‍ ഇപ്പോള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളെ സഹായിക്കുകയാണ്. ഇടതുപക്ഷമെന്നു പറയുന്നവര്‍ തീവ്ര വലതുപക്ഷ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. സാങ്കേതികമായ കണക്കുകള്‍ ഉദ്ധരിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ ലഘൂകരിച്ചു കാണാനാണ് വിദ്യാഭ്യാസമന്ത്രി ശ്രമിക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന അതേകാര്യങ്ങളില്‍ മുന്‍മന്ത്രി കൂടിയായ കെ.കെ ശൈലജ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയത് ഇത് അത്രയേറെ ഗൗരവമുള്ള വിഷയമായതിനാലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്ലസ് വണ്‍ സീറ്റുകളുടെ കാര്യത്തില്‍ സംസ്ഥാനത്തെ ഒരു യൂണിറ്റായി കാണാതെ താലൂക്ക് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നേരത്തെ ഇതേ വിഷയം ഉന്നയിച്ചപ്പോള്‍ എം.എല്‍.എമാരുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പാണ് മന്ത്രി നിയമസഭയില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഭരണകക്ഷി എം.എല്‍.എമാരോട് പോലും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയിട്ടില്ല. അഡ്മിഷനിലെ സങ്കീര്‍ണത പരിഹരിക്കാനുള്ള നിര്‍ദ്ദേശം നിയമസഭയിലെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍. മക്കള്‍ ഉറങ്ങുമ്പോള്‍ ഉറങ്ങുകയും മക്കള്‍ക്കൊപ്പം ഉണരുകയും ചെയ്യുന്ന അമ്മമാരുടെ നാടാണ് കേരളം. കുട്ടികളുടെയും രക്ഷിതാക്കളുടെയും സങ്കടം കാണാന്‍ മന്ത്രി തയാറാകുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ അപ്രായോഗിക സമീപനം മൂലം ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയാകും. യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത കണക്കുകളാണ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്.
എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ട വിഷയങ്ങളില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ പല സ്വകാര്യ സ്‌കൂളുകളും മാനേജ്മെന്റ് സീറ്റുകളില്‍ ഒന്നും രണ്ടും ലക്ഷം രൂപയാണ് കോഴയായി വാങ്ങുന്നത്. 50 പേര്‍ ഇരിക്കേണ്ട ക്ലാസില്‍ 60 പേര്‍ പാടില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി എന്തു നടപടിയാണ് സ്വീകരിച്ചത്? ബാച്ചുകള്‍ക്കു പകരം സീറ്റ് വര്‍ധിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിക്ക് റദ്ദാക്കാവുന്നതേയുള്ളൂ. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണ്ടില്ലെന്നു നടിച്ച് മുന്നോട്ടു പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനിക്കുന്നതെങ്കില്‍ പ്രതിപക്ഷത്തിന് മറ്റു സമരമാര്‍ഗങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ യജ്ഞം നടത്തിയവര്‍ ഇപ്പോള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളെ സഹായിക്കുകയാണ്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്നം പരിഹരിക്കാമെന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അപ്രായോഗികമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു-
Adjust Story Font
16