'നെതർലാന്റ്‌സ് സന്ദർശിച്ചപ്പോൾ സോണ്ട പ്രതിനിധികളുമായി ചർച്ച നടത്തിയോ?';മുഖ്യമന്ത്രിയോട് വി.ഡി സതീശന്റെ ഏഴ് ചോദ്യങ്ങൾ
''കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാർ നൽകിയത് സർക്കാരോ കൊച്ചി കോർപറേഷനോ അറിഞ്ഞിരുന്നോ?''
വി.ഡി സതീശൻ
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബ്രഹ്മപുരത്ത് ബയോമൈനിംഗ് നടത്തുന്ന സോണ്ട ഇൻഫ്രാടെക് കരാർ ലംഘിച്ചതിന്റെ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. കരാറിന് വിരുദ്ധമായി മറ്റൊരു കമ്പനിക്ക് ബയോമൈനിങിന് ഉപകരാർ നൽകുകയായിരുന്നു. കൊച്ചി കോർപറേഷന്റെ അനുമതിയില്ലാതെ ഉപകരാർ നൽകരുതെന്ന വ്യവസ്ഥയാണ് സോണ്ട ലംഘിച്ചത്. ബ്രഹ്മപുരത്ത് തന്നെയുള്ള അരാഷ് മീനാക്ഷി എന്ന കമ്പനിക്കാണ് 22. 5 കോടി രൂപക്ക് ബയോമൈനിംഗ് ജോലി പകുതിയിലും കുറഞ്ഞ തുകക്ക് കൈമാറിയത്. സോണ്ടയുമായുള്ള കരാർ റദ്ദാക്കാൻ കോർപറേഷന് ഇത് മതിയായ കാരണമാണെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.
പ്രതിപക്ഷ നേതാവിന്റെ ഏഴ് ചോദ്യങ്ങൾ ഇങ്ങനെ:-
1. പ്രളയത്തിന് ശേഷം 2019-ൽ മുഖ്യമന്ത്രിയും മന്ത്രിമാരും നെതർലന്റ്സ് സന്ദർശിച്ചപ്പോൾ സോണ്ട കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ?
2. കേരളത്തിലെ വിവിധ കോർപറേഷനുകളിൽ ബയോ മൈനിങ്, വേസ്റ്റ് ടു എനർജി പദ്ധതികളുടെ നടത്തിപ്പ് കരാർ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?
3. സി.പി.എം നേതൃത്വം നൽകുന്ന കൊല്ലം കോർപറേഷനിലും കണ്ണൂർ കോർപറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുൻ പരിചയവും ഇല്ലെന്ന കാരണത്താൽ ഒഴിവാക്കിയിട്ടും ബ്രഹ്മപുരത്ത് ഇവരെ തുടരാൻ അനുവദിക്കുകയും വേസ്റ്റ് ടു എനർജി കരാറടക്കം നൽകാൻ തീരുമാനിച്ചതും എന്തിന്?
4. സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടയുണ്ടോ?
5. ബ്രഹ്മപുരത്തെ ബയോ മൈനിങിനായി കരാർ നൽകിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാർ പ്രകാരമുള്ള നോട്ടീസ് നൽകാത്തത് എന്തുകൊണ്ട്?
6. കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാർ നൽകിയത് സർക്കാരോ കൊച്ചി കോർപറേഷനോ അറിഞ്ഞിരുന്നോ?
7. കരാർ പ്രകാരം പ്രവർത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നൽകുന്നതിന് പകരം സോണ്ടയ്ക്ക് 7 കോടിയുടെ മൊബൈലൈസേഷൻ അഡ്വാൻസും പിന്നീട് 4 കോടി രൂപയും അനുവദിച്ചത് എന്തിന്?
അതേസമയം, നിയമസഭാ സംഘർഷക്കേസിലും സർക്കാരിനെതിരെ വി.ഡി സതീശൻ തുറന്നടിച്ചു. വാച്ച് ആൻഡ് വാർഡിന്‍റെ കൈക്ക് പൊട്ടലില്ലെന്ന് റിപ്പോർട്ട് വന്നു. മുഖ്യമന്ത്രി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. കെ കെ രമയുടെതായി പ്രചരിപ്പിച്ച എക്സറേ വ്യാജമാണെന്ന് ഡോക്ടർ തന്നെ പറഞ്ഞു. സോഷ്യൽ മീഡിയയിൽ എംഎൽഎ ഉൾപ്പെടെ ഈ കള്ളം പ്രചരിപ്പിക്കുകയായിരുന്നു. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ അത് ഏറ്റുപിടിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭയിൽ അഭിപ്രായം പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി ഇപ്പോൾ പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ നിയമസഭയിൽ ഉണ്ടായ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. സഭയിൽ അക്രമം കാണിക്കാൻ നിർദ്ദേശം കൊടുത്ത പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയനെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
''നിയമസഭയിൽ ലൈഫിനെ പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ലൈഫ് പദ്ധതിയിൽ 46% കമ്മീഷൻ തട്ടി, ബ്രഹ്മപുരം പ്ലാന്റ് സൊണ്ടോ കമ്പനിക്ക് കരാർ കൊടുത്തതിൽ 32 കോടി രൂപ അഴിമതി, മുഖ്യമന്ത്രി ആകാശവാണിയായി ആക്ട് ചെയ്യുകയാണ്, ചോദ്യങ്ങളെയും വിമർശനങ്ങളെയും മുഖ്യമന്ത്രി ഭയപ്പെടുന്നു, അതുകൊണ്ടാണ് നിയമസഭ ഗില്ലറ്റിൻ ചെയ്തത്'' - വി.ഡി സതീശൻ പറഞ്ഞു.
Adjust Story Font
16