Quantcast

'ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായോ സിപിഎം നേതാക്കൾ?' പരിഹസിച്ച് വി.ഡി സതീശൻ

"ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിൽ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയാണ് സിപിഎം"

MediaOne Logo

Web Desk

  • Updated:

    2023-07-09 12:27:57.0

Published:

9 July 2023 12:08 PM GMT

VD Satheesan and Chandy .
X

ഏകസിവിൽ കോഡിനെതിരായ സമരത്തിൽ മുസ്‌ലിം ലീഗിനെ ക്ഷണിച്ചതിന് പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറി എന്നതിലാണ് അത്ഭുതമെന്ന് സതീശൻ പറഞ്ഞു.

"ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറി എന്നതിലാണ് അത്ഭുതം. ഏക സിവിൽ കോഡ് നടപ്പാക്കണം എന്നതായിരുന്നു സിപിഎമ്മിന്റെ എക്കാലത്തെയും ആവശ്യം. ഇപ്പോൾ കാപട്യവുമായാണ് സിപിഎം വന്നത്.

ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിൽ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയാണ് സിപിഎം. ഇപ്പോൾ സിപിഎമ്മിന് നന്നായി കിട്ടിയല്ലോ. സമസ്ത മതസംഘടനയാണ്. അവർക്ക് ഇഷ്ടമുള്ള പരിപാടികളിൽ പങ്കെടുക്കാം. ന്യൂനപക്ഷങ്ങളിൽ ഒരു അരക്ഷിതാവസ്ഥയുണ്ട്. അപ്പോൾ കേരളം ഭരിക്കുന്ന പാർട്ടി നടത്തുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുന്നതിൽ ഞങ്ങൾക്കെന്തിനാണ് പരിഭവം.

ദേശീയതലത്തിലെയും കേരളത്തിലെയും മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ശരിയായി വിലയിരുത്തുന്ന പാർട്ടിയാണ് ലീഗ്. കോൺഗ്രസ് നേതൃത്വത്തിൽ മതേതര പ്ലാറ്റ്ഫോം ഉണ്ടാകണമെന്ന ആവശ്യമാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റേത്. ബി.ജെ.പിയുടെ ബി ടീം ആയി പ്രവർത്തിക്കുകയാണ് കേരളത്തിലെ സിപിഎം. കേരളത്തിലെ സി.പി.എം നേതാക്കളോട് മാത്രമേ കോൺഗ്രസിന് അതൃപ്തിയുള്ളൂ. ഇവിടെയുള്ള നേതാക്കൾക്ക് കേസുള്ളതിനാൽ ബി.ജെ.പി- സംഘ്പരിവാർ നേതാക്കളുമായി അഡ്ജസ്റ്റ്മെന്റ് ആണ്. കള്ളക്കടത്ത് കേസിൽ ഇങ്ങോട്ട് സഹായിക്കും കുഴൽപ്പണക്കേസിൽ അങ്ങോട്ട് സഹായിക്കും എന്ന രീതിയാണ് സിപിഎമ്മിന്റേതും ബിജെപിയുടേതും.

സി.പി.എം കക്ഷത്തിൽ ഇരിക്കുന്ന പാർട്ടികൾ പോകാതെ നോക്കണം. ഏതൊക്കെ കക്ഷികൾ വരുമെന്ന് വരുന്ന ദിവസങ്ങളിൽ ബോധ്യമാകും.മുന്നണി വിപുലീകരണത്തെക്കുറിച്ച് നാളത്തെ യു.ഡി.എഫ് ചർച്ച ചെയ്യും. കേരള രാഷ്ട്രീയം ഇനി എന്തെല്ലാം കാണാനിരിക്കുന്നു.

കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോഴും അല്ലാത്തപ്പോഴും ഏക സിവിൽ കോഡിന് എതിരായിരുന്നു. കോൺഗ്രസ് വ്യക്തതയോടെയാണ് മുന്നോട്ടുപോകുന്നത്". സതീശൻ പറഞ്ഞു

TAGS :

Next Story