കെ റെയിൽ കല്ലിടൽ നിർത്തിവെച്ച നടപടി; പ്രതിപക്ഷത്തിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞു - വി.ഡി സതീശൻ
കെ റെയിലിനെതിരെ ബി.ജെ.പി സമരം നടത്തേണ്ട ആവശ്യമില്ല. കേന്ദ്രത്തിൽപോയി അനുമതി കൊടുക്കരുത് എന്ന് പറഞ്ഞാൽ മതി. അത് ചെയ്യാതെ കേരളത്തിൽ സമരം നടത്തുന്നത് പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ നിർത്തിവെയ്ക്കാനുള്ള സർക്കാർ തീരുമാനം യു.ഡി.എഫ് സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. ഇക്കാര്യം പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. അത് ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായില്ല. ഇപ്പോൾ സർവേ നിർത്തിവെച്ച സാഹചര്യത്തിൽ സർക്കാർ തെറ്റ് സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കല്ലിടലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സ്ത്രീകൾ അടക്കമുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അത് പിൻവലിക്കണം. കമ്മീഷൻ റെയിലിന് ജനങ്ങൾ എതിരായതുകൊണ്ടാണ് സർക്കാരിന് തീരുമാനം മാറ്റേണ്ടിവന്നത്. ആര് വന്നാലും കല്ലിടൽ നടത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നിലപാടിൽ പിന്നോട്ടു പോവേണ്ടിവന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കെ റെയിലിനെതിരെ ബി.ജെ.പി സമരം നടത്തേണ്ട ആവശ്യമില്ല. കേന്ദ്രത്തിൽപോയി അനുമതി കൊടുക്കരുത് എന്ന് പറഞ്ഞാൽ മതി. അത് ചെയ്യാതെ കേരളത്തിൽ സമരം നടത്തുന്നത് പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി 20യുടെ വോട്ട് അഭ്യർഥിച്ചിട്ടുണ്ട്. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് അവരുടെ വോട്ട് തേടിയത്. ആറ് വർഷമായി കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാനായിട്ടില്ല. സർക്കാരിന് ഇക്കാര്യത്തിൽ ചെറുവിരൽ അനക്കാൻ പോലും സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കെ റെയിൽ കല്ലിടൽ നിർത്തിവെച്ച് ഇന്നാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ജി.പി.എസ് മുഖേനയാണ് ഇനി സാമൂഹികാഘാത പഠനം നടത്തുക. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ അനുമതിയോടെ കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കേരള റെയിൽവേ ഡെവലപ്‌മെന്റ് കോർപറേഷൻ നിർദേശം വെച്ചെങ്കിലും ഉത്തരവിൽ പറയുന്നത് ജിയോ ടാഗിങ് മാത്രമാണ്.
Adjust Story Font
16