ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം: വി.ഡി സതീശൻ
പൊലീസിലെ ഒരു വിഭാഗം സിപിഎമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
തിരുവനന്തപുരം: നവകേരള യാത്ര്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയുള്ള പൊലീസ് റിപ്പോർട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് ഉൾപ്പെടെയുള്ളവരെ പൊലീസ് ക്രിമിനലുകൾ ക്രൂരമായി മർദിക്കുന്നത് ലോകം മുഴുവൻ കണ്ടതാണ്. അതിന്റെ ദൃശ്യങ്ങൾ ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നിട്ടും തെളിവില്ലെന്ന റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥരും ഒരു നിമിഷം പോലും സർവീസിൽ തുടരാൻ യോഗ്യരല്ല.
പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉചജാപകസംഘം തന്നെയാണ് ഈ അന്വേഷണവും അട്ടിമറിച്ചത്. പൊലീസിനെ പരിഹാസ്യരാക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. പക്ഷേ ഇതു കൊണ്ടൊന്നും പോരാട്ടം അവസാനിക്കുമെന്നു കരുതേണ്ട. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
പൊലീസിലെ ഒരു വിഭാഗം സിപിഎമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. പൊലീസ് സേനയുടെ തന്നെ വിശ്വാസ്യതയാണ് തകർന്നത്. ഗൺമാൻമാർക്കെതിരെ നടപടിയില്ലെങ്കിൽ നിയമപരമായി ഏതറ്റം വരെയും പോകും. സർക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ല. എക്കാലവും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ലെന്ന് സിപിഎമ്മിന്റെ ഗുണ്ടാ സംഘങ്ങളെ പോലെ പ്രവർത്തിക്കുന്ന പൊലീസുകാർ ഓർക്കണം. കാലം കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് അത്തരക്കാർ മനസിലാക്കണമെന്നും വി.ഡി സതീശൻ മുന്നറിയിപ്പ് നൽകി.
Adjust Story Font
16