വഖഫ് നിയമനം: എന്ത് വർഗീയതയാണ് ലീഗ് പറഞ്ഞതെന്ന് സർക്കാർ വ്യക്തമാക്കണം-വി.ഡി സതീശൻ
വഖഫ് വിഷയത്തിൽ സമസ്ത നേതാക്കളുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം തിരക്കിട്ട് നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു.
വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്ന വിഷയത്തിൽ യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്ത് വർഗീയതയാണ് ഈ വിഷയത്തിൽ ലീഗ് പറഞ്ഞതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി വഴിയുള്ള നിയമനം അധാർമികമാണ്. ദേവസ്വം ബോർഡ് മാതൃകയിൽ വഖഫ് നിയമനത്തിനും പ്രത്യക ബോർഡ് വേണം. സർക്കാരിന്റെത് വൈകിവന്ന ബോധോദയമാണ്. തീരുമാനം മാറ്റണമെങ്കിൽ നിയമസഭയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് വിഷയത്തിൽ സമസ്ത നേതാക്കളുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം തിരക്കിട്ട് നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. എല്ലാവരുമായും വിശദമായ ചർച്ച നടത്തും. പിഎസ്‌സിക്ക് വിടാൻ തീരുമാനിച്ചത് വഖഫ് ബോർഡിന്റെ നിർദേശപ്രകാരമാണ്. ഇതിൽ സർക്കാരിന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമില്ലെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി. സിഎഎ കേസുകൾ പിൻവലിക്കൽ, സച്ചാർ കമ്മിറ്റി സ്‌കോളർഷിപ്പ്, മലബാറിലെ പ്ലസ് ടു ബാച്ചുകൾ തുടങ്ങിയ വിഷയങ്ങളിലൊന്നും സർക്കാർ ഉറപ്പ് പാലിച്ചിട്ടില്ല. വഖഫ് ബോർഡ് വിഷയത്തിലും മുഖ്യമന്ത്രിയുടെ ഉറപ്പ് കബളിപ്പിക്കലാണ്. നിയമസഭയിൽ പാസാക്കിയ നിയമം നിയമസഭയിൽ തന്നെ പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും സ്വാദിഖലി ശിഹാബ് തങ്ങൾ, പിഎംഎ സലാം, എംകെ മുനീർ എന്നിവർ വ്യക്തമാക്കി.
Adjust Story Font
16