Quantcast

'ഇവരാണോ രണ്ടു ലക്ഷം കോടി രൂപയുടെ കമ്മിഷൻ റെയിൽ കൊണ്ടുവരുന്നത്'; തൃക്കാക്കരയിൽ വി.ഡി സതീശൻ

'മണ്ഡലത്തിൽ എൽഡിഎഫ് തോൽക്കുമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന് നന്നായി അറിയാം.'

MediaOne Logo

Web Desk

  • Published:

    8 May 2022 6:34 AM GMT

ഇവരാണോ രണ്ടു ലക്ഷം കോടി രൂപയുടെ കമ്മിഷൻ റെയിൽ കൊണ്ടുവരുന്നത്; തൃക്കാക്കരയിൽ വി.ഡി സതീശൻ
X

കൊച്ചി: മെട്രോ റെയിൽ പദ്ധതി തൃക്കാക്കരയിലേക്ക് നീട്ടാൻ കഴിയാത്ത സർക്കാറാണോ രണ്ടു ലക്ഷം കോടി രൂപയുടെ 'കമ്മിഷൻ' റെയിൽ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കമ്മിഷൻ റെയിലിന് എതിരായുള്ള ജനവിധിയായിരിക്കും തൃക്കാക്കരയിലേത് എന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. മണ്ഡലത്തിൽ എൽഡിഎഫ് തോൽക്കുമെന്ന് മുന്നണി കൺവീനർ ഇ.പി ജയരാജന് നന്നായി അറിയാമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. കെ റെയിലിനെയാണ് പ്രതിപക്ഷ നേതാവ് കമ്മിഷന്‍ റെയിലെന്ന് വിശേഷിപ്പിച്ചത്.

'തൃക്കാക്കരയിൽ വികസനവാദികളും വികസന വിരുദ്ധരും തമ്മിലുള്ള മത്സരമാണ്. എറണാകുളം ജില്ലയിലെ ഏറ്റവും വലിയ വികസനം നെടുമ്പാശ്ശേരി വിമാനത്താവളമാണ്. കെ കരുണാകരനാണ് കൊണ്ടുവന്നത്. അന്ന് ഇവരുടെ പൊസിഷനെന്താ, വിമാനം ഞങ്ങളുടെ നെഞ്ചത്തുകൂടി ഇറക്കാൻ സമ്മതിക്കുമെന്നാണ്. കരുണാകരൻ തന്നെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം കൊണ്ടുവന്നു. അപ്പോൾ പറഞ്ഞു, കണ്ണായ സ്ഥലത്ത് എന്തിനാണ് കളിക്കണം. ഗോശ്രീ ഐലന്റുകൾക്കായി പദ്ധതി കൊണ്ടുവന്നപ്പോൾ അതിനെതിരായി കേസു കൊടുത്തു. ഉമ്മൻചാണ്ടിയുടെ കാലത്ത് ഗെയിൽ പൈപ്പ് ലൈനിട്ടപ്പോൾ ഭൂമിക്കടിയിൽ സൂക്ഷിച്ചുവച്ച ബോംബാണ് എന്നു പറഞ്ഞ് അതിനെതിരെ സമരം ചെയ്തു. 2015ൽ ഞങ്ങൾ മെട്രോ ആദ്യത്തെ ഘട്ടം പൂർത്തിയാക്കി. രണ്ടാം ഘട്ടം തൃക്കാക്കരയിലേക്ക് നീട്ടാൻ ഉമ്മൻചാണ്ടിയുടെ ഗവൺമെന്റ് 2015ൽ തീരുമാനിച്ചു. ഉടനെ തെരഞ്ഞെടുപ്പു വന്നു. ആറു കൊല്ലമായി. എന്നിട്ടും ലൈൻ തൃക്കാക്കരയിലേക്ക് നീട്ടാൻ ചെറുവരൽ പോലും അനക്കാൻ ഈ സർക്കാറിന് പറ്റിയിട്ടില്ല. ഇവരാണോ രണ്ടു ലക്ഷം കോടി രൂപയുടെ കമ്മിഷൻ റെയിൽ കൊണ്ടുവരാൻ പോകുന്നത്? അത് ചർച്ച ചെയ്യട്ടെ.'- അദ്ദേഹം ആവശ്യപ്പെട്ടു.

'മെട്രോ ഉൾപ്പെടെ ഞങ്ങൾ നടത്തിയ വികസനത്തിന്റെ സ്മാരകങ്ങൾ ജില്ലയിൽ തലയുയർത്തി നിൽക്കുന്നു. സിറ്റി ഗ്യാസ് പദ്ധതി കളമശ്ശേരിയിലാണ് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തത്. അതെല്ലാം ഞങ്ങൾ ചർച്ചയാക്കും. എൽഡിഎഫിന്റെ കാപട്യം തുറന്നു കാട്ടും. കമ്മിഷൻ റെയിലിന് എതിരായിട്ടുള്ള ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പ്. ഒരു സംശയവും വേണ്ട. കൊച്ചി കേരളത്തിന്റെ ബിസിനസ് ക്യാപിറ്റലാണ്. കേരളത്തിലെ നികുതിവരുമാനം ഏറ്റവും കൂടുതൽ കിട്ടുന്നത് കൊച്ചിയിൽനിന്നാണ്. ഈ പദ്ധതി വന്നാൽ പാരിസ്ഥിതികമായി കേരളം തകർന്നു പോകും. സാമ്പത്തികമായി കേരളം കൂപ്പുകുത്തും എന്ന് തിരിച്ചറിയാനുള്ള ബോധ്യം തൃക്കാക്കരയിലെ വോട്ടർമാർക്കുണ്ട്.' - സതീശൻ കൂട്ടിച്ചേർത്തു.



തൃക്കാക്കരയിൽ എൽഡിഎഫ് തോൽക്കുമെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ഇ.പി ജയരാജനാണെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷൻ റെയിൽ പദ്ധതി ഉപേക്ഷിക്കേണ്ട എന്ന് പറഞ്ഞ് അദ്ദേഹം മുൻകൂർ ജാമ്യമെടുക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കെ- റെയിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ല എന്നായിരുന്നു ജയരാജന്റെ പരാമർശം. മീഡിയവൺ അഭിമുഖ പരിപാടി എഡിറ്റോറിയലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story