ബാനറിൽ സവർക്കർ ചിത്രം: സുരേഷിനെതിരെ ഒരു നടപടിയുമുണ്ടാകില്ലെന്ന് കെ. സുധാകരൻ
പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ലെന്ന് കെ. സുധാകരൻ വ്യക്തമാക്കി
കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബാനറിൽ ആർ.എസ്.എസ് ആചാര്യൻ വി.ഡി സവർക്കറുടെ ചിത്രം ഉൾപ്പെട്ട സംഭവത്തിൽ സസ്‌പെൻഷൻ നേരിടുന്ന നേതാവിന്റെ പേരിൽ നടപടിയുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസ് നെടുമ്പാശ്ശേരി മണ്ഡലം സെക്രട്ടറി കെ. സുരേഷിനെതിരെയാണ് ഒരു നടപടിയും ഉണ്ടാകില്ലെന്ന് സുധാകരൻ അറിയിച്ചിരിക്കുന്നത്. പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം സുധാകരൻ അറിയിച്ചത്. അറിയാതെ സംഭവിച്ചതാണെങ്കിലും തെറ്റ് ഏറ്റെടുത്ത് സുരേഷ് മാപ്പുപറഞ്ഞിട്ടുണ്ടെന്നും അതു പാർട്ടിക്ക് കാണാതിരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരേഷുമായി യാതൊരു മുൻപരിചയം ഇല്ലാത്തവർ പോലും നടപടി പാടില്ലെന്ന അപേക്ഷയുമായി സമീപിച്ച കാര്യവും സുധാകരൻ വെളിപ്പെടുത്തി.
സുരേഷിന്റെ അഭിമുഖം അൽപം വൈകിയാണ് ഞാൻ ചാനലിൽ കണ്ടത്. പക്ഷെ മുൻപേ കണ്ട പല പ്രവർത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുൻപരിചയം ഇല്ലാത്തവർ പോലും അയാൾക്കെതിരെ നടപടിയെടുക്കരുതെന്ന അപേക്ഷയുമായാണ് സമീപിച്ചത്. സത്യത്തിൽ എനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോൺഗ്രസ് കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം സ്വന്തം പ്രശ്‌നമായി കണ്ട് ഇടപെടുന്നവർ ഈ പാർട്ടിയുടെ പുണ്യമാണ്. പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ഉറപ്പുതരുന്നു-കെ. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ആലുവ നെടുമ്പാശ്ശേരി എയർപോർട്ട് ജങ്ഷനു സമീപം കോട്ടായിയിൽ ദേശീയപാതയിൽ സ്ഥാപിച്ച ബാനറിലായിരുന്നു സവർക്കറുടെ ചിത്രവും ഇടംപിടിച്ചത്. മഹാത്മാ ഗാന്ധി, രവീന്ദ്രനാഥ് ടാഗോർ, അബുൽ കലാം ആസാദ്, ജി.ബി പന്ത് അടക്കം 20ഓളം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രമാണ് ബാനറിലുണ്ടായിരുന്നത്. ഇക്കൂട്ടത്തിലായിരുന്നു സവർക്കറുടെ ചിത്രവും. ബാനറിന്റെ വിഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിവാദമായി.
സംഭവത്തിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സ്ഥലത്ത് എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് ബാനറിലെ സവർക്കർ ചിത്രം ഗാന്ധിയുടെ ചിത്രം വച്ച് മൂടിയത്. ഫ്‌ളക്‌സ് തയാറാക്കിയ സുരേഷിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഫ്‌ളക്‌സ് അടിക്കാൻ ഏൽപിച്ചവർ ഗൂഗിളിൽനിന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ എടുത്ത് ചേർത്തപ്പോൾ സംഭവിച്ച അബദ്ധമായിരുന്നു സംഭവത്തിലുണ്ടായതെന്ന് സുരേഷ് വിശദീകരിക്കുകയും ചെയ്തു.
Summary: KPCC president K. Sudhakaran clarifies that no any action will be taken against Congress leader K. Suresh, who is under suspension, in the incident where V.D Savarkar's picture was included in the banner set up for the campaign of Bharat Jodo Yatra
Adjust Story Font
16