'തിരുവാതിര കളിച്ചാൽ കുഴപ്പമുണ്ടോ മാഡം'; ഒമിക്രോൺ ജാഗ്രത ഓർമപ്പെടുത്തിയ ആരോഗ്യമന്ത്രിക്ക് പൊങ്കാല
കോവിഡ് ജാഗ്രത കൈവിടരുത് എന്ന നിർദേശത്തിന് താഴെ ആയിരക്കണക്കിന് കമന്റുകളാണുള്ളത്.
കോവിഡ്-ഒമിക്രോൺ വ്യാപനത്തിൽ ജാഗ്രത വേണമെന്ന നിർദേശവുമായി ഫേസ്ബുക്കിൽ കുറിപ്പിട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോൾ പൊങ്കാല. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ സംഘടിപ്പിച്ച തിരുവാതിരക്കളിയും പാർട്ടി പരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. ജാഗ്രത കൈവിടരുത് എന്ന നിർദേശത്തിന് താഴെ ആയിരക്കണക്കിന് കമന്റുകളാണുള്ളത്.
ഒമിക്രോൺ സാഹചര്യത്തിൽ ഗൃഹപരിചരണം ഏറെ പ്രധാനം തലക്കെട്ടോടെ മന്ത്രിയിട്ട കുറിപ്പിൽ ഏറെ നിർദേശങ്ങളുണ്ട്. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും അനിവാര്യമാണെന്ന് മന്ത്രി പറയുന്നു.
'ഗൃഹ പരിചരണത്തിൽ കഴിയുന്നവർ കുടുംബാംഗങ്ങളുമായി സമ്പർക്കം വരാത്ത രീതിയിൽ ടോയിലറ്റ് സൗകര്യമുള്ള ഒരു മുറിയിലേക്ക് മാറി താമസിക്കേണ്ടതാണ്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ചെയ്യുക. കോവിഡ് രോഗിയും രോഗിയെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയെ പരിചരിക്കുമ്പോൾ എൻ 95 മാസ്‌ക് ധരിക്കേണ്ടതുമാണ്. മാസ്‌ക് താഴ്ത്തി സംസാരിക്കുകയോ മാസ്‌ക്കിന്റെ മുൻഭാഗത്ത് കൈകൾ കൊണ്ട് തൊടുകയോ ചെയ്യരുത്.' - അവർ എഴുതി.
പോസ്റ്റിന് താഴെ തിരുവാതിക്കളിയുടെ ജിഫ് അടക്കം നിരവധി കമന്റുകളാണുള്ളത്. തിരുവാതിര കളിക്കാൻ പറ്റുമല്ലോ അത് എന്തായാലും നന്നായി എന്ന് ഒരാൾ കുറിച്ചു. 'പ്രവാസികൾ എല്ലാവരും കൂടി എയർപോർട്ടിൽ തിരുവാതിര കളിച്ചതിന് ശേഷം വീട്ടിലേക്ക് പോവുക, അപ്പോള്‍ കോറന്റേനിൽ ഇരിക്കേണ്ടതില്ല'- എന്നാണ് മറ്റൊരാളുടെ കമന്റ്.
'തിരുവാതിര ചെയ്യുമ്പോൾ പരസ്പരം കൈകോർത്തു കളിക്കാൻ കഴിയുമോ മാഡം..?, ഒരു പതിനായിരം പേരെ സംഘടിപ്പിച്ചു എല്ലാ ജില്ലാ സമ്മേളനങ്ങളിലും തിരുവാതിര നടത്താം, കൈകൊട്ടിൻറ ശക്തി കൊണ്ട് വൈറസ് ഒക്കെ ചത്ത് പോയാലോ, എല്ലാ പഞ്ചായത്തിലും ഒരു മെഗാ തിരുവാതിര അങ്ങ് സംഘടിപ്പിച്ചാലോ, തിരുവാതിരയോട് കൂടി 1000 ആൾക്കാർ പങ്കെടുക്കുന്ന കല്യാണം നടത്തിയാൽ പൊലീസ് കേസ് എടുക്കുമോ' - എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Adjust Story Font
16