നവജാത ശിശുവിനുള്ള പ്രതിരോധ കുത്തിവെപ്പിലെ വീഴ്ച്ച: അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി
ജനിച്ച് ആദ്യഘട്ടത്തിൽ നൽകേണ്ട വാക്‌സിന് പകരം ആറാഴ്ച കഴിഞ്ഞ് നൽകേണ്ട വാക്‌സിനാണ് കുഞ്ഞിന് നൽകിയത്
Veena George
എറണാകുളം: പാലാരിവട്ടത്ത് നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെപ്പിലെ വീഴ്ച്ചയിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്. കുടുംബത്തിന്റെ പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ജനിച്ച് ആദ്യഘട്ടത്തിൽ നൽകേണ്ട വാക്‌സിന് പകരം ആറാഴ്ച കഴിഞ്ഞ് നൽകേണ്ട വാക്‌സിനാണ് കുഞ്ഞിന് നൽകിയത്. ഇടപ്പള്ളി ഹെൽത്ത് സെൻററിനെതിരെയാണ് നവജാത ശിശുവിന് വാക്‌സിൻ മാറി നൽകിയതായി പരാതി ഉയർന്നത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും പൊലീസിലും പാലാരിവട്ടം സ്വദേശികളായ ദമ്പതികൾ പരാതി നൽകിയിരുന്നു.
വാക്‌സിൻ എടുത്ത് തിരിച്ച് വീട്ടിൽ എത്തിയ ശേഷം ഹെൽത്ത് കാർഡ് പരിശോധിച്ചപ്പോഴാണ് വാക്‌സിൻ മാറ്റി കുത്തിവച്ച വിവരം മാതാപിതാക്കൾ തിരിച്ചറിയുന്നത്. അപ്പോൾ തന്നെ കുടുംബാരോഗ്യകേന്ദ്രത്തിൽ വിവരമറിയിക്കുകയും അവരുടെ നിർദേശപ്രകാരം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. 48 മണിക്കുർ നിരീക്ഷിച്ചതിന് ശേഷം കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്‌തെങ്കിലും കുട്ടിക്ക് പനി മാറിയിട്ടില്ല. എന്നാൽ വാക്‌സിൻ മാറി എടുത്താൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആശുപത്രി അധികൃതർ കൃത്യമായ വിവരം നൽകിയിട്ടില്ല.
ആദ്യം പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ പരാതി സ്വീകരിക്കാൻ പൊലീസ് അമാന്തം പ്രകടിപ്പിച്ചെന്നും പരാതി നൽകേണ്ട കാര്യമുണ്ടോ എന്നും സർക്കാർ ഉദ്യോഗമുള്ള ഒരാളുടെ ജോലി ഇല്ലാതാക്കണോ എന്ന് ചോദിച്ചെന്നും കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
Adjust Story Font
16