Quantcast

വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് തുടര്‍ക്കഥ; ദുരൂഹതയെന്ന് നഗരസഭ

കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-02-06 08:42:32.0

Published:

6 Feb 2022 8:33 AM GMT

വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് തുടര്‍ക്കഥ; ദുരൂഹതയെന്ന് നഗരസഭ
X

പത്തനംതിട്ട അടൂർ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് തീപിടുത്തമുണ്ടാകുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ തീപിടിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നഗരസഭ ആരോപിക്കുമ്പോള്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അടൂര്‍ നഗരത്തില്‍ തന്നെയുള്ള സിവില്‍ സ്റ്റേഷന്‍റെ പാര്‍ക്കിങ് സ്ഥലത്ത് ഒരാഴ്ച മുന്‍പാണ് രണ്ട് വാഹനങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തീപിടിച്ചത്. പട്ടാപ്പകല്‍ നടന്ന സംഭവമായതിനാല്‍ അന്ന് കാര്യമായ സംശയങ്ങളൊന്നും ആര്‍ക്കും തോന്നിയില്ല. അടൂര്‍ മുന്‍സിപ്പല്‍ എഞ്ചിനീയറുടെ കാറിനും ആരോഗ്യ വകുപ്പിന്റെ ഉപയോഗ ശൂന്യമായ കാറിനുമാണ് തീപിടിച്ചത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കകം ഇതേ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി. വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനാല്‍ നഗരസഭയിലെ സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തി തീയണച്ചു. ഇത്തവണ കത്തിയത് നഗരസഭ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു കൊണ്ടിരുന്ന ലോറിയാണ്. ഇതോടെയാണ് തീപിടിത്തങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നഗരസഭാ ചെയര്‍മാന്‍ തന്നെ രംഗത്തുവന്നത്.

കത്തിയ വാഹനങ്ങളോട് ചേര്‍ന്ന് പ്ലാസ്റ്റിക് കൂപ്പികളും പേപ്പറുകളുമടക്കം കൂട്ടിയിട്ട് കത്തിക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകളുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. തീപിടിത്തം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമരം നടന്നു. അതേസമയം ആദ്യവാഹനം കത്തിയത് മുതല്‍ കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും വിശദമായ പരിശോധനകള്‍ നടത്തി വരികയാണന്നും അടൂര്‍ ഡി.വൈ.എസ്.പി പറഞ്ഞു.

TAGS :

Next Story