പിണറായി വിജയൻ ശൈലി മാറ്റേണ്ട, എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിലെത്തും: വെള്ളാപ്പള്ളി നടേശൻ
‘താനൊരു മുസ്ലിം വിരോധിയല്ല’
കൊച്ചി: മുഖ്യന്ത്രി പിണറായി വിജയനെ പിന്തുണച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി ശൈലി മാറ്റേണ്ടന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും പിണറായി സർക്കാർ ഭരണത്തിൽ വരാൻ സാധ്യതയുണ്ട്. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. അഞ്ചുവർഷം ഭരിച്ച രീതിയിൽ തന്നെ പോയാൽ മതിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ലോക്സഭാ തോൽവിയുടെ പരാജയ കാരണം പഠിച്ച് അതിന് സി.പി.എം പരിഹാരം കാണണം. കഴിഞ്ഞ പ്രാവശ്യം കിറ്റുണ്ടായിരുന്നു. ഇപ്പോൾ ക്ഷേമ പെൻഷനടക്കം കുടിശ്ശികയായി മാറി. മാവേലി സ്റ്റോറുകളിൽ സാധനങ്ങളില്ല. ഇതെല്ലാം പരാജയത്തിന് കാരണമായി. കൂടാതെ ന്യൂനപക്ഷ പ്രീണനവും തിരിച്ചടിയായി. അടിസ്ഥാന വർഗങ്ങൾക്ക് കാര്യമായ പരിഗണനയും പരിരക്ഷയും ലഭിച്ചില്ല. അതേസമയം, ന്യൂനപക്ഷങ്ങൾ സി.പി.എമ്മിന് വോട്ട് ചെയ്തതുമില്ല.
മലബാർ പ്രദേശത്ത് ഈഴവർ സി.പി.എമ്മിന് വോട്ട് ചെയ്തിട്ടില്ല. കൂടാതെ കാന്തപുരം വിഭാഗത്തിന്റെ വോട്ട് പോലും കിട്ടിയില്ലെന്നാണ് പലരും പറയുന്നത്. താനൊരു മുസ്ലിം വിരോധിയല്ല. പക്ഷെ, അങ്ങനെയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഞാൻ സത്യമാണ് പറഞ്ഞത്. യു.ഡി.എഫും എൽ.ഡി.എഫും ഒമ്പത് പേരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. അതിൽ ഏഴുപേർ ന്യൂനപക്ഷവും രണ്ടുപേർ ഭൂരിപക്ഷ അംഗങ്ങളുമാണ്. ഒരൊറ്റ പിന്നാക്കക്കാരനും അതിലില്ല. ഏഴിൽ അഞ്ചും മുസ്‍ലിംകളാണ്. രണ്ടുപേർ ക്രിസ്ത്യാനികളുമാണ്.
ഇടതുപക്ഷത്തെ എന്നും പിന്തുണച്ചവരാണ് ഈഴവ സമുദായം. പക്ഷെ, സി.പി.എം അവരെ പാടെ അവഗണിച്ചു. ക്രിസ്ത്യാനികളുടെ വോട്ട് നേടിയാണ് തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത്. മുസ്‍ലിം സമുദായത്തിൽനിന്നുള്ള ഭീഷണി കാരണം ക്രിസ്ത്യാനികൾ പേടിച്ചാണ് കഴിയുന്നത്. അവർക്ക് സംരക്ഷകരായി വരുന്നവരെ അവർ പിന്തുണക്കും. ഇങ്ങനത്തെ സാമൂഹിക സത്യങ്ങൾ തുറന്നുപറയുമ്പോൾ എന്നെ വർഗീയ വാദിയാക്കരുത്.
എനിക്ക് ഒരു പാർട്ടിയോടും വിരോധവും വിധേയത്വവുമില്ല. എസ്.എൻ.ഡി.പിയെ കാവിയും ചുവപ്പും പച്ചയും പുതപ്പിക്കാൻ ശ്രമിക്കുന്നില്ല. മഞ്ഞ മാത്രമാണ് പുതപ്പിക്കുന്നത്. പിന്നാക്ക സമുദായത്തിന്റെ ഉന്നമനത്തിനായാണ് ഞാൻ പ്രവർത്തിക്കുന്നത്. എന്നാൽ, എന്നെ കള്ളുകച്ചവടക്കാരനാണെന്നാണ് നവോത്ഥാന സമിതി അംഗം കൂടിയായ അബ്ദുൽ ഗഫൂർ വിശേഷിപ്പിച്ചത്. പക്ഷെ, അയാൾ വിദ്യാഭ്യാസം കച്ചവടം ചെയ്താണ് ജീവിക്കുന്നത്.
എൻ.ഡി.എ എന്നും എൽ.ഡി.എഫിന്റെ ഐശ്വര്യമാണ്. ത്രികോണ മത്സരം വരുമ്പോൾ എൽ.ഡി.എഫിനാണ് ഗുണകരമാകുന്നത്. അതിനാലാണ് അവർ മൂന്നാം തവണയും അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്ന് പറയുന്നത്.
ബി.ജെ.പിയിലേക്ക് എൽ.ഡി.എഫിന്റെ കുറച്ചുവോട്ട് മാത്രമാണ് പോകുന്നത്. മഹാഭൂരിപക്ഷവും പോകുന്നത് കോൺഗ്രസ് വോട്ടാണ്. എൽ.ഡി.എഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് വോട്ടുകൾ അവിടെത്തന്നെ നിൽക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ.ഡി.പി അംഗങ്ങളുടെ യോഗം സി.പി.എം വിളിച്ചുചേർക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു. അങ്ങനെ ഒരു മണ്ടത്തരം സി.പി.എം കാണിക്കുമെന്ന് തോന്നുന്നില്ല. അതിന് ശ്രമിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. എസ്.എൻ.ഡി.പി ഇടതുപക്ഷത്തിൻ്റെ കയ്യിലാണ്. പിന്നെ എന്തിന് പിടിച്ചെടുക്കണമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
Adjust Story Font
16