ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന ഹരജിയില്‍ ചൊവ്വാഴ്ച വിധി
നിർമാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹരജിയിൽ ചൊവ്വാഴ്ച വിധി പറയും. അതീവരഹസ്യമാക്കേണ്ട വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ഹരജിക്കാരന് റിപ്പോർട്ടുമായി ബന്ധമില്ലെന്നും മൊഴി നൽകിയവരുടെ സ്വകാര്യതയെ റിപ്പോർട്ട് ബാധിക്കില്ലെന്നും വിവരാവകാശ കമ്മീഷനും വാദിച്ചു.
നിർമാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകും എന്നാണ് ഹരജിക്കാരന്‍റെ വാദം. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവനുപോലും അപകടം ഉണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉള്ള തീരുമാനമെന്നും ഹരജിക്കാരൻ വാദിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരേണ്ടിയിരുന്ന ദിവസമാണ് നിർമാതാവ് സജിമോൻ പാറയിൽ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഹൈക്കോടതിയെ സമീപിച്ചു. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയതിനെ തുടര്‍ന്ന് ഡബ്ള്യൂ.സി.സിയെ കക്ഷി ചേര്‍ത്തു. റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹരജിക്കാരന്‍റെ ആവശ്യം സംശയാസ്പദമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
Adjust Story Font
16