വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍റെ കമ്പനിക്ക്
കണ്ണൂർ ആയൂർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ് നിലവിൽ റിസോർട്ടിന്‍റെ ഉടമസ്ഥാവകാശം
കണ്ണൂർ: ഇ പി ജയരാജന്റെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് ചുമതല കൈമാറി. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖരന്‍റെ ഉടമസ്ഥതയിലുള്ള ജൂപിറ്റർ ക്യാപിറ്റൽ എന്ന സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിരാമയ റിട്രീറ്റ്സിനാണ് നടത്തിപ്പവകാശം കൈമാറുന്നത്. കണ്ണൂർ ആയൂർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ് നിലവിൽ റിസോർട്ടിന്‍റെ ഉടമസ്ഥാവകാശം.
നടത്തിപ്പവകാശവുമായി ബന്ധപ്പെട്ട കരാറിൽ ഇക്കഴിഞ്ഞ 15-ാം തിയതിയാണ് ഒപ്പിട്ടത്. മൂന്ന് വർഷത്തേക്കാണ് നടത്തിപ്പ് ചുമതല. റിസോർട്ടിന്‍റെ ഏറ്റവും ഉയർന്ന ഓഹരി ഉടമ ഇ.പി ജയരാജന്‍റെ ഭാര്യയും മകനുമാണ്. ഭാര്യ പി.കെ ഇന്ദിരയുടെ പേരിൽ 81 ലക്ഷത്തിന്‍റെയും മകൻ പി.കെ ജയ്സന്‍റെ പേരിൽ 10 ലക്ഷത്തിന്‍റെയും ഓഹരിയാണ് ഉള്ളത്. ഇന്ദിരയാണ് കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന്‍റെ ചെയർപേഴ്സൻ.
സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഈ വിഷയത്തിൽ ഇ പി ജയരാജനെതിരെ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ പി.ജയരാജൻ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പാർട്ടി അന്വേഷണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറി ഇത് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഇൻകംടാക്സും കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിയിരുന്നു.
Adjust Story Font
16