വിദ്യയെ സംരക്ഷിക്കുന്നത് ഭരണകൂടവും സിപിഎമ്മും; ചോദ്യം ചെയ്യുന്നവരെ പൊലീസ് വേട്ടയാടുന്നു: ഫ്രറ്റേണിറ്റി
പ്രതികളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന ധാർഷ്ട്യമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന സൂചിപ്പിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ
കാസർകോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിലും പി.എച്ച്.ഡി പ്രവേശനത്തിന് സംവരണ അട്ടിമറി നടത്തിയതിലും കേസ് നേരിടുന്ന എസ്.എഫ്.ഐ കാലടി യൂണിവേഴ്സിറ്റി യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ.വിദ്യക്ക് സംരക്ഷണമൊരുക്കുന്നത് ഭരണകൂടവും സി.പി.എമ്മുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ. കാസർകോട് ദേലംപാടിയിൽ ജൂനിയർ ഫ്രറ്റേൺസിന്റെ സംസ്ഥാനതല പ്രഖ്യാപനവും യൂണിറ്റ് രൂപീകരണവും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഗസ്റ്റ് ലക്ചറാകാൻ ഹാജരാക്കിയ രേഖ വ്യാജമാണെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പരാതി നൽകിയിട്ടും അറസ്റ്റ് രേഖപ്പെടുത്താത്ത പൊലീസ് നടപടി കേസിനെ അട്ടിമറിക്കാനുള്ള ഭരണകൂട ഒത്താശയുടെ ഭാഗമാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ അടുത്ത സുഹൃത്ത് കൂടിയായ ദിവ്യ ഇപ്പോൾ ഒളിവിലാണെന്നതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വ്യാജ രേഖ ചമക്കുക എന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും സംവരണം അട്ടിമറിച്ച് പി.എച്ച്.ഡി പ്രവേശനം നേടിയതിന് എസ്.എസ്.എസ്.ടി ആട്രോസിറ്റീസ് പ്രകാരം കേസെടുത്തിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാതെ, എസ്.എഫ്.ഐ യുടെ നെറികേടുകളെ ചോദ്യം ചെയ്യുന്നവരെ വേട്ടയാടുന്ന സമീപനമാണ് പൊലീസും ഭരണകൂടവും സ്വീകരിക്കുന്നത്"; കെ.എം ഷെഫ്റിൻ പറഞ്ഞു.
ദിവ്യയടക്കമുള്ള പാർട്ടി പ്രവർത്തകർ എന്ത് കുറ്റം ചെയ്താലും അതിനെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടി പ്രതികളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന ധാർഷ്ട്യമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹികവും ചരിത്രപരവും വികസനപരവുമായ കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ 5 വയസ്സിനും 12 വയസ്സിനുമിടയിൽ പ്രായമുള്ള വിദ്യാർഥികൾക്കായാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റി ജൂനിയർ ഫ്രറ്റേൺസ് രൂപീകരിക്കുന്നത്. സംസ്ഥാന തല പ്രഖ്യാപനവും പ്രഥമ യൂനിറ്റ് രൂപീകരണവും കാസർകോട് ജില്ലയിലെ കണ്ണംകോൽ യൂനിറ്റിൽ സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ നിർവഹിച്ചു. പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ സംഘാടനവും ശാക്തീകരണവുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം, സെക്രട്ടറി സനൽകുമാർ, പി.എച്ച് ലത്തീഫ്, ടി.കെ അഷ്റഫ്, സി.എച്ച് മുത്തലിബ്, ഹമീദ് കക്കണ്ടം, സാഹിദ ഇല്യാസ്, ജില്ലാ പ്രസി ഡന്റ് യൂസുഫ് ചെമ്പിരിക്ക എന്നിവർ സംസാരിച്ചു. ജൂനിയർ ഫ്രറ്റേൺസ് കണ്ണംകോൽ യൂനിറ്റിന്റെ പ്രഥമ ഭാരവാഹികളായി അപർണ (ക്യാപ്റ്റൻ), മുഈനുദ്ദീൻ (വൈസ് ക്യാപ്റ്റൻ) എന്നിവരെ തെരഞ്ഞെടുത്തു.
Adjust Story Font
16