എക്സൈസ് വാഹനത്തിൽ മദ്യക്കുപ്പിയും അനധികൃത പണവും; പിടിച്ചെടുത്ത് വിജിലൻസ് സംഘം
ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധന നടത്തിയത്.
തൃശൂർ: തൃശൂരിൽ എക്സൈസ് ഓഫീസറുടെ പക്കൽനിന്ന് അനധികൃത പണവും വാഹനത്തിൽനിന്ന് 10 കുപ്പി മദ്യവും പിടികൂടി. തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്. ഇൻസ്പെക്ടറുടെ കൈയിൽ നിന്ന് 32,000 രൂപയും വാഹനത്തിൽനിന്ന് 42,000 രൂപയും കണ്ടെത്തി.
വിജിലൻസ് ഡിവൈഎസ്പി. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധന നടത്തിയത്.
4000 രൂപയാണ് തന്റെ കൈവശം ഉള്ളതെന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥൻ വിജിലൻസ് സംഘത്തോട് പറഞ്ഞത്. ഓഫീസിലെ കണക്കിൽ രേഖപ്പെടുത്തിയതും ഇതേ തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ഓഫീസിൽനിന്ന് 36,000 രൂപ കണ്ടെത്തി. 32,000 രൂപ അധികമുള്ളതാണെന്ന് വ്യക്തമായി.
തുടർന്നായിരുന്നു ഔദ്യോഗിക വാഹനത്തിൽ പരിശോധന. വണ്ടിയുടെ കാർപെറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് 42,000 രൂപയും 9.5 ലിറ്റർ മദ്യവും കണ്ടെത്തിയത്.
Adjust Story Font
16