വിജയ് ബാബു നാട്ടിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഹൈക്കോടതിയിൽ
മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ
എറണാകുളം: വിജയ് ബാബു നാട്ടിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഹരജിക്കാരൻ നാട്ടിലെത്തണം. എന്നാലേ ഹരജി പരിഗണിക്കാനാവൂ എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
പീഡന കേസിൽ പ്രതിയായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. ഹരജിക്കാരൻ നാട്ടിലെത്തിയ ശേഷം മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനം എടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 30ന് എത്തുമ്പോള്‍ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവെച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് വിദേശത്തേക്ക് കടന്നതെന്നും എ.ഡി.ജി.പി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണത്തിന് എ.ഡി.ജി.പി ഇന്നു വരെ സമയം തേടുകയായിരുന്നു.
എന്നാൽ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയായ നടി ആവശ്യപ്പെട്ടു. അറസ്റ്റ് കർശനമായി തടഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. വിമാന ടിക്കറ്റും കഴിഞ്ഞ ദിവസം വിജയ് ബാബു ഹാജരാക്കിയിരുന്നു. പരാതിക്കാരിയായ നടിയുമായി അടുത്ത സൗഹൃദമായിരുന്നു വെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബുവിന്‍റെ വാദം.
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്‌ളാക്ക് മെയിൽ ചെയ്യുകയാണെന്നുമാണ് വിജയ് ബാബുവിന്‍റെ ഹരജിയിൽ പറയുന്നത്. തന്‍റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്.
Adjust Story Font
16