വിജയ് ബാബുവിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് അയക്കും; ഇന്‍റര്‍പോളിന്‍റെ സഹായം തേടി
ബ്ലൂ കോർണർ നോട്ടീസ് അയക്കാനായി വിദേശകാര്യ മന്ത്രാലയത്തിന് പൊലീസ് അപേക്ഷ നൽകി
കൊച്ചി: ബലാത്സംഗ കേസിൽ ദുബൈയിൽ ഒളിവിലുള്ള നടൻ വിജയ് ബാബുവിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങി പൊലീസ്. ഇന്‍റർപോളിന്‍റെ സഹായത്തോടെ നോട്ടീസ് അയക്കാനുള്ള അന്തിമ നടപടി പൂർത്തിയായി.
കഴിഞ്ഞ തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വിജയ് ബാബുവിന് ഇമെയിൽ അയച്ചിരുന്നു. എന്നാൽ മെയ് 19ന് ശേഷം അന്വേഷണസംഘത്തിന് മുൻപാകെ ഹാജരാകാമെന്നാണ് വിജയ് ബാബു അറിയിച്ചത്. പൊലീസ് ഇത് തള്ളുകയും പിന്നീട് ഇന്റർപോളിന്റെ സഹായം തേടുകയുമായിരുന്നു. ബ്ലൂ കോർണർ നോട്ടീസ് അയക്കാനായി വിദേശകാര്യ മന്ത്രാലയത്തിന് പൊലീസ് അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം പൂർത്തിയാക്കി.
ബ്ലൂ കോർണർ നോട്ടീസ് അയക്കുന്നതിലൂടെ ദുബൈയിലെ പ്രതിയുടെ ഒളിത്താവളം കണ്ടെത്താൻ സാധിക്കും. ആവശ്യമെങ്കിൽ ദുബൈ പൊലീസിന് വിജയ് ബാബുവിനെ അറസ്‌റ്റ് ചെയ്യാനുമാകും. പ്രതി ദുബൈയിൽത്തന്നെയാണെന്ന സൂചന അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. പ്രതി കുറ്റം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി. ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്.
Adjust Story Font
16