Quantcast

'ലൈംഗികബന്ധത്തിൽ ഏർപെട്ടത് ഉഭയസമ്മതപ്രകാരം'; ഹൈക്കോടതിയിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി വിജയ്ബാബു

വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2022-05-25 05:27:55.0

Published:

25 May 2022 12:48 AM GMT

ലൈംഗികബന്ധത്തിൽ ഏർപെട്ടത് ഉഭയസമ്മതപ്രകാരം; ഹൈക്കോടതിയിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി വിജയ്ബാബു
X

കൊച്ചി; യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുളള നടൻ വിജയ് ബാബു പരാതിക്കാരിയായ നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി. 2018 മുതൽ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. നടി പലതവണ പണം കടം വാങ്ങിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് പറയുന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സി.സി ടിവി ദൃശ്യങ്ങളുണ്ടെന്നും വിജയ് ബാബു കോടതിയിൽ അറിയിച്ചു. വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ദുബൈയിലുള്ള വിജയ്ബാബു മെയ് 30 ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കുന്ന വിമാനടിക്കറ്റിന്റെ പകർപ്പ് കോടതിക്ക് കൈമാറിയിട്ടുണ്ട്. നേരത്തേ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കിയശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരുന്നു. തുടർന്നാണ് ടിക്കറ്റിന്റെ പകർപ്പടക്കം സമർപ്പിച്ചത്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ളാക്ക് മെയിൽ ചെയ്യുകയാണെന്നുമാണ് വിജയ് ബാബുവിന്റെ ഹരജിയിൽ പറയുന്നത്. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്.

ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നിരുന്നു. ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്. ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ജോർജിയയിലേക്ക് കടന്നത്. ദുബൈയിൽ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാൻ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഇയാൾ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോർജിയ തെരഞ്ഞെടുത്തത്. കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയിൽ കേന്ദ്രവിദേശ കാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുന്നേ തന്നെ ഇയാൾ ജോർജിയയിലേക്ക് കടന്നതായാണ് വിവരം.

TAGS :

Next Story