Quantcast

വിലങ്ങാട് ദുരന്തം: അടിയന്തര സഹായം നൽകുമെന്ന് റവന്യൂ മന്ത്രി

ചൂരൽമലയിലെ ദുരന്തബാധിതർക്കു നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്നും മന്ത്രി അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    4 Dec 2024 12:44 PM GMT

Vilangad Disaster: Revenue Minister to provide emergency assistance
X

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുണ്ടായ ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്ന ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂരൽമലയിലെ ദുരന്തബാധിതർക്കു നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്നും മന്ത്രി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിൽ ഡ്രോൺ ഇമാജിനേഷൻ എന്ന സ്ഥാപനം മുഖേന ലിഡാർ സർവേ നടത്തിയ റിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളിൽ കോഴിക്കോട് എൻഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി പ്രദേശങ്ങൾ വാസ യോഗ്യമാണോ എന്ന കാര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കി ജനുവരിയിൽ കൈമാറാൻ നിർദേശം നൽകിയിട്ടുണ്ട്.

ദുരന്ത പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേരള കാർഷിക സർവകലാശാലയിലെ വിദ​ഗ്ധരുടെ സംഘത്തെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ഉരുൾപൊട്ടലിന്റെ ഫലമായി പുഴയിൽ അടിഞ്ഞു കൂടിയ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി രണ്ട് കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കും. ഇതിനായി മേജർ ഇറിഗേഷൻ റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കി ജില്ലാ കലക്ടർ മുഖനേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം.

യോഗത്തിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി, എ.കെ ശശീന്ദ്രൻ, നാദാപുരം എംഎൽഎ ഇ കെ വിജയൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പിസിസിഎഫ് രാജേഷൻ, ലാന്റ് റവന്യൂ കമ്മീഷണർ എ. കൗശികൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

TAGS :

Next Story