മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ ഖേദം പ്രകടിപ്പിച്ച് ലത്തീൻ സഭ
മീഡിയവൺ, എഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, കൈരളി തുടങ്ങിയ ചാനലുകളുടെ റിപ്പോർട്ടർമാർക്കും കാമറമാൻമാർക്കും നേരെയാണ് ആക്രമണമുണ്ടായത്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടത്തുന്ന സമരം അക്രമാസക്തമായതിൽ ഖേദം പ്രകടിപ്പിച്ച് ലത്തീൻ സഭ. മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമം ഖേദകരമെന്ന് ലത്തീൻ സഭ അറിയിച്ചു. മീഡിയവൺ സ്‌പെഷ്യൽ എഡിഷനിൽ ഫാദർ യൂജിൻ പെരേരയാണ് ഖേദം പ്രകടിപ്പിച്ചെത്തിയത്. മീഡിയവൺ, എഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, കൈരളി തുടങ്ങിയ ചാനലുകളുടെ റിപ്പോർട്ടർമാർക്കും കാമറമാൻമാർക്കും നേരെയാണ് ആക്രമണമുണ്ടായത്.
മീഡിയവൺ കാമറ സമരക്കാർ നശിപ്പിച്ചു. പൊലീസിന്റെ ബാരിക്കേഡുകൾ സമരക്കാർ കടലിലെറിഞ്ഞു. വിഴിഞ്ഞം തുറമുഖ സമരത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന അതിക്രമത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനൽ കാമറകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിക്കുന്നതായി കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പ്രതികരിച്ചു. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.
പദ്ധതിപ്രദേശത്ത് നൂറുകണക്കിന് സമരക്കാരാണ് ഇരച്ചുകയറിയത്. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. പുതുകുറിച്ചി, അഞ്ചുതെങ്ങി ഫെറോനകളുടെ നേതൃത്വത്തിൽ വള്ളങ്ങളിൽ പ്രതിഷേധക്കാർ മുതലപ്പൊഴിയിൽനിന്ന് വിഴിഞ്ഞത്ത് എത്തിയാണ് തുറമുഖം വളഞ്ഞത്. സമാധാനപരമായി മാത്രമേ സമരം ചെയ്യാവൂ എന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് പദ്ധതി പ്രദേശത്തേക്ക് ഇന്ന് സമരക്കാർ ഇരച്ചുകയറിയത്. തുറമുഖ നിർമാണം നിർത്തിവെക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ ഒന്നിൽ പോലും പിന്നോട്ടില്ലെന്ന ഉറച്ച സൂചനയാണ് ലത്തീൻ അതിരൂപത നൽകുന്നത്.
Adjust Story Font
16