പാർട്ടിമാറി ജയിച്ചയാൾക്കെതിരെ അക്രമം; പിന്നിൽ ബിജെപിയെന്ന് ആരോപണം
സംഭവത്തിൽ മുതുകുളത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്
ആലപ്പുഴ: ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിട്ട് യുഡിഎഫിൽ മത്സരിച്ച് ജയിച്ചയാൾക്ക് നേരെ അക്രമം. ജിഎസ് ബൈജുവിനെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മുതുകുളം പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നേരത്തെ ഈ വാർഡിൽ അംഗമായിരുന്ന ജിഎസ് ബൈജുവാണ് വിജയിച്ചത്. ഇദ്ദേഹം നേരത്തെ ബിജെപി അംഗമായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായാണ് ബൈജു മത്സരിച്ചതും വിജയിച്ചതും. എന്നാൽ, പിന്നീട് പാർട്ടിയുമായി ഇടഞ്ഞതിനെ തുടർന്ന് രാജിവെക്കുകയായിരുന്നു. പിന്നാലെ വീണ്ടും ഉപതെരഞ്ഞെടുപ്പ് വരികയും ബൈജു യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തു. ഭൂരിപക്ഷത്തോടെയാണ് ബൈജു വിജയിച്ചത്.
പിന്നാലെ ഇന്നലെ രാത്രിയോടെ ആക്രമണം ഉണ്ടാവുകയായിരുന്നു. മുതുകുളത്തെ യുഡിഎഫ് പ്രവർത്തകരെ കാണാൻ എത്തിയതായിരുന്നു ബൈജു. ഇവിടേക്ക് മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം കമ്പിവടിയും ചുറ്റികയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മുതുകുളത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ബൈജു ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇദ്ദേഹത്തിന്റെ കൈയ്ക്കും തലക്കുമാണ് പരിക്കേറ്റത്. വലതുകാൽ ഒടിഞ്ഞിട്ടുണ്ട്. ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
Adjust Story Font
16