Quantcast

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

എലിപ്പനി ബാധിച്ച് ഇരുന്നൂറോളം പേർ ആശുപത്രിയിൽ എത്തിയപ്പോൾ, മരിച്ചത് 15 പേർ

MediaOne Logo

Web Desk

  • Updated:

    2024-06-25 01:23:49.0

Published:

25 Jun 2024 1:22 AM GMT

Viral fever season in kerala, rush in OPs
X

തിരുവനന്തപുരം:സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്നു. ഈ മാസം ഇതുവരെ വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടുലക്ഷത്തോളം പേരാണ്. പ്രതിദിനം പതിനായിരത്തിനടുത്താണ് രോഗികൾ. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണവും വർധിക്കുകയാണ്. ഈ മാസം പതിനഞ്ച് പേർ എലിപ്പനി ബാധിച്ച് മരിച്ചു.

കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കെടുത്താൽ വൈറൽ പനിക്ക് ചികിത്സ തേടിയത് അമ്പതിനായിരത്തിലേറെ പേരാണ്. ഈ മാസം ഇതുവരെ ഒരുലക്ഷത്തി എൺപതിനായിരത്തിലധികമാണ് വൈറൽ പനി ബാധിതരുടെ എണ്ണം. മൂന്ന് മരണവും പനി കാരണം ഉണ്ടായി. തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തും വടക്കോട്ട് പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് പനിബാധിതരിലധികവും. ഇതിനൊപ്പം ആയിരത്തിയഞ്ഞൂറോളം പേർക്ക് ഡെങ്കിയും സ്ഥിരീകരിച്ചു. അയ്യായിരത്തോളം പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത്.

മഴ ശക്തിപ്പെട്ടതോടെ എലിപ്പനിയും മഞ്ഞപ്പിത്തവും പിടിമുറുക്കിയിട്ടുണ്ട്. എലിപ്പനി ബാധിച്ച് ഇരുന്നൂറോളം പേർ ആശുപത്രിയിൽ എത്തിയപ്പോൾ, മരിച്ചത് 15 പേർ. 13 പേരുടെ മരണകാരണവും എലിപ്പനിയാണെന്നാണ് സംശയം. ആറ് മാസത്തിനിടെ ഏറ്റവും അധികം രോഗികളും മരണവും ഇപ്പോഴാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത രണ്ട് മാസം കൂടി രോഗികളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

പനി ക്ലിനിക്കുകൾ എല്ലാ ആശുപത്രികളിലും സജ്ജമാണ്. പക്ഷേ താങ്ങാവുന്നതിലുമധികമാണ് ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണം. ഇപ്പോഴത്തെ ഈ സാഹചര്യത്തെ കരുതലോടെ നേരിടണമെന്നാണ് സർക്കാരും ആരോഗ്യവിദഗ്ധരും അറിയിക്കുന്നത്.

TAGS :

Next Story