തൊഴിൽ വിസയെന്ന പേരിൽ നൽകിയത് സന്ദർശക വിസ, ക്രൂരപീഡനം; മലേഷ്യയിൽ കുടുങ്ങി യുവതി
തൊഴിലുടമ ക്രൂരമായി മർദിച്ചുവെന്നും പാസ്പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചുവച്ചിരിക്കുകയാണെന്നും കവിത
കോട്ടയം: വിസ തട്ടിപ്പിനിരയായ കോട്ടയം സ്വദേശി മലേഷ്യയിൽ കുടുങ്ങി. മുണ്ടക്കയം സ്വദേശിയായ കവിതയാണ് മലേഷ്യയിൽ കുടുങ്ങിയത്.
രണ്ടു വർഷത്തേക്കുള്ള തൊഴിൽ വിസയെന്ന് കബളിപ്പിച്ചാണ് ചെന്നൈയിലെ ഏജൻറ് കവിതയെ മലേഷ്യയിൽ എത്തിച്ചത്. എന്നാൽ ഒരു മാസം മാത്രമായിരുന്നു വിസയുടെ കാലാവധി തൊഴിലുടമ ക്രൂരമായി മർദിച്ചുവെന്നും പാസ്പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചുവച്ചിരിക്കുകയാണെന്നും കവിത മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് കവിത മലേഷ്യയിലെത്തുന്നത്. മകളുടെ എഞ്ചിനീയറിംഗ് പഠനം മുന്നിൽ കണ്ടായിരുന്നു മലേഷ്യയിലേക്ക് പോകാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായാണ് ചെന്നൈയിലെ ഏജന്റിനെ ബന്ധപ്പെട്ടത്. രണ്ട് വർഷത്തേക്കുള്ള തൊഴിൽ വിസ എന്നതായിരുന്നു കരാർ. എന്നാൽ മലേഷ്യയിലെത്തിയെ ശേഷം കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെടുകയായിരുന്നു.
തയ്യൽ ജോലിക്കായാണ് കവിത മലേഷ്യയിലെത്തിയത്. ഇവിടെ ഒരു സ്ഥാപനത്തിൽ ആറ് മാസത്തോളം ജോലി ചെയ്തു. എന്നാൽ ഒരു മാസത്തെ ശമ്പളം മാത്രമാണ് തൊഴിലുടമ നൽകിയത്. കൂടാതെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ശമ്പളം ചോദിച്ചപ്പോഴൊക്കെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്നാണ് കവിത പറയുന്നത്. ഉപദ്രവം കടുത്തതോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവിടെ വെച്ച് പൊലീസിനെ കണ്ട യുവതി വിവരം അവരോട് പറയുകയും അവർ വഴി നാട്ടിൽ ബന്ധപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ മകൾ വി.മുരളീധരന്റെ ഓഫീസുമായും പ്രവാസി മലയാളി അസോസിയേന്റെ ഓഫീസുമായും ബന്ധപ്പെടുകയും കവിതയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ ഷെൽറ്റർ ഹോമിലാണ് കവിത.
ആറ് മാസത്തിൽ കൂടുതൽ മലേഷ്യയിൽ തങ്ങിയെങ്കിലും ഒരു മാസം മാത്രമാണ് കവിത നിയമപരമായി രാജ്യത്ത് നിന്നിട്ടുള്ളത്. വിസയില്ലാത്ത കാലയളവിലെ പിഴ അടച്ചാലേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. ഇത് ഒരു ലക്ഷത്തോളം വരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഈ തുക എങ്ങനെ അടയ്ക്കും എന്ന ആശങ്കയിലാണ് കുടുംബം.
Adjust Story Font
16