അവസാനമായി ഒന്ന് കാണണം, 12 ദിവസമായിട്ടും വിഷ്ണുവിന്‍റെ മൃതദേഹമെത്തിയില്ല.. ഒറ്റമുറി വീട്ടില്‍ കണ്ണീരോടെ മാതാപിതാക്കള്‍
സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വിഷ്ണു കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് ഷാർജ പൊലീസ്
ഇടുക്കി സ്വദേശി വിഷ്ണു ഷാർജയിൽ വച്ച് മരിച്ച് 12 ദിവസം കഴിഞ്ഞിട്ടും മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചിട്ടില്ല. മകനെ അവസാനമായി ഒരു നോക്ക് കാണാൻ കണ്ണീരോടെ കാത്തിരിക്കുകയാണ് മാതാപിതാക്കൾ. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾ നടത്താൻ സർക്കാർ ഇടപെടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
ജൂൺ 15നാണ് ഷാർജയിലെ അബൂഷഗാറയിൽ താമസസ്ഥലത്ത് വച്ച് ഇടുക്കി കൂട്ടർ സ്വദേശി വിഷ്ണു മരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മരണത്തെക്കുറിച്ച് വ്യക്തമായ ഒരു വിവരവും കുടുംബത്തിന് ലഭിച്ചിരുന്നില്ല. ആഫ്രിക്കൻ സ്വദേശികൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ പെട്ട് കൊല്ലപ്പെടുകയായിരുന്നു എന്നാണ് സുഹൃത്തുകൾ വീട്ടുകാരെ അറിയിച്ചത്. സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വിഷ്ണു കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് ഷാർജ പൊലീസ് പിന്നീട് അറിയിച്ചു.
വീടിന്‍റെ അത്താണിയായിരുന്ന മകൻ മരിച്ചെന്ന വാർത്ത ഉൾകൊള്ളാൻ വിഷ്ണുവിന്‍റെ മാതാപിതാക്കൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോൾ മകനെ അവസാനമായി ഒന്നു കാണാൻ പോലും സാധിക്കാതെ പോകുമോയെന്ന ആശങ്കയിലാണ് മാതാപിതാക്കൾ.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ മൂലമാണ് മൃതദേഹം നാട്ടിൽ എത്തിക്കാൻ സാധിക്കാത്തതെന്നാണ് കുടുബത്തിന് ലഭിച്ച വിവരം. മകൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾ ചെയ്യാൻ അധികൃതർ ആരെങ്കിലും സഹായിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിക്കുകയാണ് കുടുംബം.
ഈ മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് വിഷ്ണു മരിച്ചത്. നാട്ടില്‍ എത്തുമ്പോള്‍ പാതിയിൽ നിലച്ചുപോയ വീടിന്‍റെ നിര്‍മാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. അപ്രതീക്ഷിതമായി എത്തിയ മരണം എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി. ഇന്ന് വിഷ്ണുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിൽ കൂട്ടാറിലെ ഈ ഒറ്റമുറി വീട്ടിൽ കാത്തിരിക്കുകയാണ് വിഷ്ണുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും.
Adjust Story Font
16