അനുമതിയില്ലാതെ അണക്കെട്ട് സന്ദർശിച്ചു; മുല്ലപ്പെരിയാറിലെ സുരക്ഷാവീഴ്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും
ശനിയാഴ്ചയാണ് രണ്ട് മലയാളി റിട്ടയർഡ് എസ്‌ഐമാരടങ്ങിയ നാലംഗ സംഘം സ്ഥലത്ത് എത്തിച്ചേർന്നത്
മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ പൊലീസുകാരോട്, ഡി വൈ എസ് പി വിവരങ്ങൾ തേടി. അനുമതിയില്ലാതെ നാലു പേർ അണക്കെട്ട് സന്ദർശിച്ച സംഭവത്തിലാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരോട്, വിശദീകരണം തേടിയിരിക്കുന്നത്. സ്ഥലത്തുണ്ടായ സുരക്ഷാവീഴ്ചയിൽ എസ്.പിക്ക് ഡിവൈഎസ് പി റിപ്പോർട്ട് നൽകും. സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടാൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാവുമെന്ന് മുല്ലപ്പെരിയാർ ഡിവൈഎസ്പി അറിയിച്ചു.
കേസെടുക്കാനുണ്ടായ സാഹചര്യത്തിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാകും തുടർനടപടി സ്വീകരിക്കുക സുരക്ഷാവീഴ്ച പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് രണ്ട് മലയാളി റിട്ടയർഡ് എസ്‌ഐമാരടങ്ങിയ നാലംഗ സംഘം സ്ഥലത്ത് എത്തിച്ചേർന്നത്. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു ഇവർ എത്തിയത്. തമിഴ്‌നാട് ജലസേചന എഞ്ചിനീയറുടെ കൂടെയായിരുന്നു ഇവരുടെ യാത്ര. പൊതു ജനങ്ങൾക്ക് അനുമതി നിഷേധിച്ച മേഖലയായതിനാൽ ഇവിടെയെത്തിയ നാലുപേർക്കെതിരെയും കേസെടുക്കും.
തമിഴ്‌നാട് സർക്കാറിന്റെയോ കേരളാ സർക്കാരിന്റയോ അനുമതി ഉള്ളവർക്ക് മാത്രമേ ഇവിടെ പ്രവേശിക്കാൻ കഴിയുകയുള്ളു. സന്ദർശകർ എത്തിയ കാര്യം ഡിവൈഎസ്പിയെ അറിയിക്കുകയോ ഇവരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തുകയോ ചെയ്യാത്തതിനാലാണ് പൊലീസുകാർക്കെതിരെ നടപടി എടുക്കാവുന്ന കുറ്റം. സംഭവത്തിൽ വിശദീകരണം ലഭിച്ച ശേഷമായിരിക്കും എസ്പിക്ക് റിപ്പോർട്ട് സമർപ്പിക്കുക.
Adjust Story Font
16