'എനിക്കിവിടെ നിൽക്കാനാകില്ല, പേടിയാ': കിരണ്‍ മര്‍ദിച്ചെന്ന് വിസ്മയ കരഞ്ഞുപറയുന്ന ഫോണ്‍സംഭാഷണം പുറത്ത്
'ഇവിടെ നിര്‍ത്തിയിട്ട് പോവുകയാണെങ്കില്‍ എന്നെ പിന്നെ കാണില്ല. ഞാനെന്തെങ്കിലും ചെയ്യും'
കൊല്ലം: കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയ ശാരീരിക പീഡനം ഏറ്റിരുന്നു എന്നതിന് തെളിവുകൾ പുറത്ത്. ഭർത്താവ് കിരൺ കുമാർ മര്‍ദിച്ചിരുന്നുവെന്ന് വിസ്മയ കരഞ്ഞു പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കിരൺ കുമാറിന്‍റെ വീട്ടിൽ നിൽക്കാനാകില്ലെന്നും അച്ഛനുമായുള്ള ഫോൺ സംഭാഷണത്തില്‍ വിസ്മയ പറഞ്ഞു.
"ഇവിടെ നിര്‍ത്തിയിട്ട് പോവുകയാണെങ്കില്‍ എന്നെ പിന്നെ അച്ഛന്‍ കാണത്തില്ല. ഞാനെന്തെങ്കിലും ചെയ്യും. എന്നെക്കൊണ്ടുപറ്റത്തില്ല. എനിക്കങ്ങുവരണം. എന്നെ അടിക്കുകയൊക്കെ ചെയ്തു. എനിക്ക് പേടിയാ" എന്നാണ് വിസ്മയ അച്ഛനോട് കരഞ്ഞുപറഞ്ഞത്. അപ്പോള്‍ 'നീയിങ്ങു പോരെ, കുഴപ്പമൊന്നുമില്ല' എന്ന് വിസ്മയയുടെ അച്ഛന്‍ മറുപടി നല്‍കുന്നതും കേള്‍ക്കാം. ഇവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞെന്ന് വിസ്മയ പറഞ്ഞപ്പോള്‍ അതൊക്കെ വെറുതെ പറയുന്നതാ, അങ്ങനെയൊക്കെ തന്നെയാ മക്കളേ ജീവിതമെന്നാണ് അച്ഛന്‍ മറുപടി നല്‍കിയത്.
നാളെയാണ് വിസ്മയ കേസിലെ വിധി പറയുക. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്താണ് വിധി പ്രഖ്യാപിക്കുക. ഏഴ് വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്.
വിസ്മയ മരിച്ച് ഒരു വർഷം തികയുന്നതിന് മുൻപാണ് കേസിൽ വിചാരണ പൂർത്തിയായി വിധി പറയുന്നത്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. ജനുവരി പത്തിനാണ് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചത്.
2021 ജൂൺ 21നാണ് വിസ്മയയെ കിരണിന്‍റെ ശാസ്താംകോട്ട ശാസ്താംനടയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിൽ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജാണ് ഹാജരായത്. വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനത്തിനെതിരെ വലിയ ക്യാംപെയിനുകൾ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. അതിനാൽ പൊതുസമൂഹം ഉറ്റുനോക്കുന്ന വിധി കൂടിയാണ് വിസ്മയ കേസിലേത്.
Adjust Story Font
16