Quantcast

'ഒന്ന് മുഖം മാറിയാല്‍ എനിക്ക് ടെന്‍ഷനാ, അടി കൊണ്ടിട്ടുള്ളതുകൊണ്ട് പേടിയാ': വിസ്മയയുടെ ഫോണ്‍ സംഭാഷണം

'കൊറോണ കാരണം എഴുപതേ കൊടുക്കാനായുള്ളൂ. കാറും കൊടുത്തു. ഒരു ഗവണ്‍മെന്‍റ് ജോലിക്കാരന് ഇതൊന്നുമല്ല കിട്ടേണ്ടതെന്നാ പറയുന്നെ'

MediaOne Logo

Web Desk

  • Published:

    24 May 2022 4:39 AM GMT

ഒന്ന് മുഖം മാറിയാല്‍ എനിക്ക് ടെന്‍ഷനാ, അടി കൊണ്ടിട്ടുള്ളതുകൊണ്ട് പേടിയാ: വിസ്മയയുടെ ഫോണ്‍ സംഭാഷണം
X

കൊല്ലം: സ്ത്രീധനത്തിന്‍റെ പേരിൽ കിരൺ മർദിക്കാറുണ്ടായിരുന്നുന്നെന്ന് വിസ്മയ കൂട്ടുകാരിയോട് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. വീണ്ടും അടിക്കുമോ എന്ന് ഭയമുണ്ട്. തനിക്ക് കിരണിന്‍റെ വീട്ടിൽ കഴിയാൻ പേടിയാണെന്നും സുഹൃത്തുമായുള്ള സംഭാഷണത്തിൽ വിസ്മയ പറഞ്ഞു.

"കൊറോണ കാരണം എഴുപതേ കൊടുക്കാനായുള്ളൂ. 13 ലക്ഷം രൂപയുടെ കാറു കൊടുത്തിട്ട് അതും പോരാ. ഒരു ഗവണ്‍മെന്‍റ് ജോലിക്കാരന് ഇതൊന്നുമല്ല കിട്ടേണ്ടതെന്നാ പറയുന്നെ. ഞാന്‍ ഫുള്‍ടൈം ടെന്‍ഷനിലാ. എപ്പഴും പ്രാര്‍ഥിച്ചോണ്ടിരിക്കും സമാധാനം കിട്ടണേ, ദേഷ്യപ്പെടല്ലേ എന്ന്. എന്‍റെ അമ്മ സത്യം. ഒന്ന് മുഖം മാറിയാല്‍ അപ്പോള്‍ എനിക്ക് ടെന്‍ഷനാ. പേടിയാ. അടി കൊണ്ടിട്ടുള്ളതുകൊണ്ട് ഭയങ്കര പേടിയാ. ഇനിയും അടിക്കുവോ എന്ന്"- എന്നാണ് വിസ്മയ കൂട്ടുകാരിയോട് പറഞ്ഞത്.

കിരൺ കുമാറിന്‍റെ വീട്ടിൽ നിൽക്കാനാകില്ലെന്ന് അച്ഛനുമായുള്ള ഫോൺ സംഭാഷണത്തില്‍ വിസ്മയ പറയുന്നതും നേരത്തെ പുറത്തുവന്നിരുന്നു- "ഇവിടെ നിര്‍ത്തിയിട്ട് പോവുകയാണെങ്കില്‍ എന്നെ പിന്നെ അച്ഛന്‍ കാണത്തില്ല. ഞാനെന്തെങ്കിലും ചെയ്യും. എന്നെക്കൊണ്ടു പറ്റത്തില്ല. എനിക്കങ്ങുവരണം. എന്നെ അടിക്കുകയൊക്കെ ചെയ്തു. എനിക്ക് പേടിയാ" എന്നാണ് വിസ്മയ അച്ഛനോട് കരഞ്ഞുപറഞ്ഞത്. അപ്പോള്‍ 'നീയിങ്ങു പോരെ, കുഴപ്പമൊന്നുമില്ല' എന്ന് വിസ്മയയുടെ അച്ഛന്‍ മറുപടി നല്‍കുന്നതും കേള്‍ക്കാം. ഇവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞെന്ന് വിസ്മയ പറഞ്ഞപ്പോള്‍ അതൊക്കെ വെറുതെ പറയുന്നതാ, അങ്ങനെയൊക്കെ തന്നെയാ മക്കളേ ജീവിതമെന്നാണ് അച്ഛന്‍ മറുപടി നല്‍കിയത്.

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഏറെ നിര്‍ണയകമാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുകയുണ്ടായി. 304 ബി എന്നത് വെല്ലുവിളി നിറഞ്ഞ കുറ്റകൃത്യമാണ്. സ്ത്രീധന മരണത്തിന് തൊട്ടുമുന്‍പ് സ്ത്രീധനത്തിനായി പീഡിപ്പിക്കപ്പെട്ടു എന്നാണ് തെളിയിക്കേണ്ടത്. ഫോണിലെ സന്ദേശങ്ങള്‍, കോളുകള്‍ എന്നിവയില്‍ നിന്ന് സംഭവം നടന്ന ദിവസം എന്താണ് സംഭവിച്ചതെന്ന് തെളിയിക്കാനായി. വിസ്മയയുടെ സ്വരം തന്നെയാണ് കോടതി മുറിയിൽ അലയടിച്ചതെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.


TAGS :

Next Story