വിസ്മയ കൊലപാതകം: പ്രതിയായ സഹോദരി ജിത്തുവിനെ റിമാന്‍ഡ് ചെയ്തു
മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞതിനാല്‍ മരിച്ചത് ആരാണെന്ന കാര്യത്തില്‍ ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നു
എറണാകുളം പറവൂരില്‍ സഹോദരിയെ തീകൊളുത്തി കൊന്ന കേസില്‍ പ്രതി ജിത്തുവിനെ റിമാന്‍ഡ് ചെയ്തു. മാനസികാസ്വാസ്ഥ്യമുളള ജിത്തു സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോർട്ട്. ഇക്കഴിഞ്ഞ 28നാണ് പെരുവാരം പനോരമ നഗറില്‍ ശിവാനന്ദന്‍റെ മകള്‍ വിസ്മയയെ വീട്ടില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം ശിവാനന്ദന്‍റെ രണ്ട് പെണ്‍മക്കളാണ് വീട്ടിലുണ്ടായിരുന്നത്.
മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞതിനാല്‍ മരിച്ചത് ആരാണെന്ന കാര്യത്തില്‍ ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നു. ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൂത്തമകള്‍ വിസ്മയയാണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചത്. ഇളയമകള്‍ ജിത്തുവിന്‍റെ സി.സി.ടി.വി ദൃശ്യം ലഭിച്ചതോടെ സഹോദരിയെ കൊലപ്പെടുത്തി ജിത്തു കടന്നുകളഞ്ഞതാണെന്ന് സംശയം ഉയര്‍ന്നു. കേസില്‍ ദുരൂഹത ഉയര്‍ന്നതോടെ ജിത്തുവിന്‍റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. 30 ആം തിയ്യതിയാണ് ജിത്തുവിനെ കാക്കനാട് നിന്ന് പിടികൂടിയത്.
സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ജിത്തുവിന്‍റെ മൊഴി. പ്രതിയുമായി പൊലീസ് ഇന്നലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ആലുവ റൂറല്‍ എസ്.പി കെ കാര്‍ത്തികിന്‍റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിച്ചത്.
വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്‌നേഹകൂടുതൽ കാരണം ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം സഹോദരിയുമായി വാക്കുതർക്കമുണ്ടായപ്പോൾ ജിത്തു കറിക്കത്തിയെടുത്തു. കത്തി കൊണ്ടു നേരെ വീശിയപ്പോൾ വിസ്മയയുടെ നെഞ്ചിലും കയ്യിലും മുറിവുപറ്റി. ശേഷം വിസ്മയയുടെ ദേഹത്ത് ജിത്തു മണ്ണെണ്ണ ഒഴിച്ചു. ഒരു തുണി കത്തിച്ച് മുറിയിലേക്ക് എറിഞ്ഞു. പിന്നീട് തീ പടർന്നപ്പോൾ വിസ്മയയെ അതിലേക്ക് പിടിച്ചിടാൻ ശ്രമിച്ചു. സോഫയുടെ കൈപ്പിടി ഉപയോഗിച്ച് തള്ളിയിട്ടു. ശേഷം മണ്ണെണയും രക്തവുമായ തന്റെ വസ്ത്രം മാറ്റി ജിത്തു വൃത്തിയുള്ള വസ്ത്രം ധരിച്ചു. പിന്നീട് വീടിന്റെ അരികിലുള്ള വഴിയിലൂടെ പുറത്തുപോയി. അവിടെ നിന്ന് ഒരാളോട് പത്തു രൂപ വാങ്ങിയും കാറുകളിൽ ലിഫ്റ്റ് ചോദിച്ചും എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ ഒരു മാളിൽ കയറി ജോലി അന്വേഷിച്ചു. എന്നാൽ ആധാർ കാർഡുമായി നാളെ വരാൻ ആവശ്യപ്പെട്ട് അവർ പറഞ്ഞയച്ചു. പിന്നീട് ശുചിമുറിയിലും മറ്റുമായി ജിത്തു നേരം വെളുപ്പിക്കുകയായിരുന്നു. അതിനുശേഷമാണ് പിങ്ക് പൊലിസ് ജിത്തുവിനെ കണ്ടെത്തിയതും തെരുവോരം മുരുകൻ നടത്തുന്ന കാക്കനാട് അഭയ കേന്ദ്രത്തിൽ എത്തിച്ചതും. അവിടെ നിന്നാണ് വിസ്മയ വധക്കേസിലെ പ്രതിയാണെന്ന് കണ്ടെത്തി പിടികൂടിയത്. സഹോദരിയെ കുത്തുന്നതിനിടെ ജിത്തുവിനും മുറിവേറ്റിട്ടുണ്ട്.
Adjust Story Font
16