എന്‍റെ മോള്‍ക്കു സംഭവിച്ചതു പോലെ ഇനിയൊരു മക്കള്‍ക്കും ഈ ഗതി വരരുത്; കോടതിവിധി കേട്ട് കണ്ണീരോടെ വിസ്മയയുടെ അമ്മ
വിധി കേള്‍ക്കാന്‍ അമ്മ സജിത വി.നായര്‍ കോടതിയിലെത്തിയിരുന്നില്ല
കൊല്ലം; ''എന്‍റെ മോള്‍ക്കു സംഭവിച്ചതു പോലെ ഇനിയൊരു മക്കള്‍ക്കും ഈ ഗതി വരരുത്'' കിരണ്‍ കുമാര്‍ കുറ്റക്കാരന്‍ ആണെന്നെ കോടതിവിധി കേട്ട വിസ്മയയുടെ അമ്മയുടെ പ്രതികരണം ഇതായിരുന്നു. വിധി കേള്‍ക്കാന്‍ അമ്മ സജിത വി.നായര്‍ കോടതിയിലെത്തിയിരുന്നില്ല. ടിവിയിലൂടെയാണ് മകളുടെ മരണത്തിന് കാരണക്കാരനായ കിരണിന്‍റെ വിധി അറിയുന്നത്.
വിധി കേട്ട സജിത ഒന്നും മിണ്ടാതെ കണ്ണീര്‍ തുടച്ചു. തുടര്‍ന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ''ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ട്. മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റാര്‍ക്കും ഈ ഗതി വരരുത്. കുറ്റക്കാരനാണ് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ വിധി പ്രതീക്ഷിച്ചിരുന്നു. എല്ലാവരോടും കടപ്പാടും നന്ദിയുമുണ്ട്. ശിക്ഷ വന്നിട്ട് പ്രതികരിക്കാം'' സജിത പറഞ്ഞു. ഈ വിധിയിലൂടെ സമൂഹത്തിനൊരു സന്ദേശമാണ് നല്‍കിയതെന്ന് വിസ്മയയുടെ അച്ഛന്‍ പ്രതികരിച്ചു. ''അന്വേഷണ ഉദ്യോഗസ്ഥരോട് നന്ദിയുണ്ട്. ആന്‍റണി രാജുവിനെ സാറിനെ ഒന്നും മറക്കാന്‍ സാധിക്കില്ല'' ത്രിവിക്രമന്‍നായര്‍ പറഞ്ഞു.
കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സുപ്രധാന കേസില്‍ വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. കിരണ്‍ കുമാറിന്‍റെ ജാമ്യവും കോടതി റദ്ദാക്കിയിട്ടുണ്ട്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിരുന്നത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റൽ തെളിവുകളും നിർണായകമായി.
Adjust Story Font
16