സൂപ്രണ്ടിന്റെ ഓഫീസിൽ കയറി പ്രതികളുടെ ഫോൺവിളി; വിയ്യൂർ ജയിൽ സൂപ്രണ്ടിനെതിരെ ഗുരുതര കണ്ടെത്തല്‍
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും ജയിലിൽ നിന്ന് പുറത്തേക്ക് ഫോൺവിളിച്ചു
വിയ്യൂർ ജയിലിലെ ഫോൺ വിളി വിവാദത്തിൽ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെതിരെ ഗുരുതര കണ്ടെത്തൽ. സൂപ്രണ്ടിന്‍റെ ഓഫീസിലിരുന്ന് പോലും പ്രതികൾ ഫോൺ വിളിച്ചെന്നും സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്തെന്നും ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സൂപ്രണ്ട് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു എന്നതടക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് ഡി.ഐ.ജി എം.കെ വിനോദ് കുമാർ ജയിൽ മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനു കൈമാറി.
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി, ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്തിയത്.
വിയ്യൂർ ജയിലിൽ റഷീദ് അടക്കമുള്ളവർ സൈ്വര്യവിഹാരം നടത്തിയെന്നും യഥേഷ്ടം ഫോൺകോളുകൾ നടത്തിയെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയിലിൽ നിന്ന് പ്രതികൾ ആരെയൊക്കെ വിളിച്ചന്നറിയാൻ പ്രത്യേക ഏജൻസി അന്വേഷിക്കണമെന്നാണ് ശിപാർശ. ഡി.ഐ.ജിയുടെ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവി പരിശോധിക്കും.
Adjust Story Font
16