വിഴിഞ്ഞം സംഘർഷം; ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ ഒന്നാം പ്രതി
ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആർ
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഒന്നാം പ്രതി.സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്.ആർച്ച് ബിഷപും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ. ലഭിച്ച പരാതിക്ക് പുറമെ പൊലീസ് സ്വമേധയായും കേസെടുത്തിട്ടുണ്ട്.
വിഴിഞ്ഞം സമരത്തിനെതിരെ കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്.ഇന്നലെയുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്തു. തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവരുടെ പേരിൽ ഒമ്പത് കേസുകളുണ്ടാണ് രജിസ്റ്റർ ചെയ്തത്. തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമര സമിതിക്ക് എതിരെ ഒരു കേസും എടുത്തു. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
തുറമുഖത്തിനെതിരെ സമരം ചെയ്ത വൈദികർ അടക്കം കേസിൽ പ്രതികളാണ്. സമരക്കാർക്കെതിരെ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് കേസ് എടുത്തതിലൂടെ ലഭിക്കുന്നത്. സമരം മൂലം നിർമാണ കമ്പനിക്ക് ഉണ്ടായ നഷ്ടം സമരസമിതിയിൽനിന്ന് ഈടാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര ആരോപിച്ചു. അദാനി കമ്പനിക്ക് തുറമുഖ നിർമാണവുമായി മുന്നോട്ട് പോകാമെന്ന കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. വിഴിഞ്ഞത് സംഘർഷത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും പ്രദേശവാസികളുമായി പ്രശ്നങ്ങളില്ലെന്നും യൂജിൻ പെരേര പറഞ്ഞു.
Adjust Story Font
16