വിഴിഞ്ഞം തുറമുഖം: നിർമാണ പുരോഗതി വിലയിരുത്താൻ അവലോകന യോഗം
ഇതുവരെയുള്ള പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി അഹമ്മദ് ദേവർകോവിലും സംഘവും വിഴിഞ്ഞത്ത് എത്തും.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ അവലോകന യോഗം ചേരുന്നു. യോഗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലും അദാനി ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ഓണക്കാലത്ത് ആദ്യകപ്പൽ വിഴിഞ്ഞത്ത് എത്തിക്കാൻ വേണ്ട നിർമാണപ്രവർത്തനങ്ങൾ വിഴിഞ്ഞം തുറമുഖത്ത് നടന്നുവരികയാണ്. ഈ പ്രവർത്തനങ്ങളുടെ അവലോകനയോഗമാണ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം അദാനി പോർട്ട് ലിമിറ്റഡിൽ നടക്കുന്നത്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ടിന്റെ ഉദ്യോഗസ്ഥർ, അദാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ എന്നിവരടക്കം യോഗത്തിൽ പങ്കെടുക്കുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണമായിരുന്നു നിലവിലെ പ്രധാന പ്രശ്നം. തമിഴ്നാട്ടിൽ നിന്ന് പാറ കൊണ്ടുവരുന്ന ട്രക്കുകൾക്കാണ് തമിഴ്നാട് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 28 മെട്രിക്ക് ടണ്‍ പാറ കയറ്റിയ 10 വീലുകളുള്ള ട്രക്കുകള്‍ മാത്രമേ സര്‍വ്വീസിന് അനുവദിക്കുകയുള്ളൂ.
വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു തമിഴ്‌നാടിന്റെ ഉത്തരവ്. ഇത് പരിഹരിക്കാനുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. ഇതുവരെയുള്ള പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി അഹമ്മദ് ദേവർകോവിലും സംഘവും വിഴിഞ്ഞത്ത് എത്തുമെന്നാണ് വിവരം.
Adjust Story Font
16