Quantcast

'അക്രമസംഭവങ്ങൾ അദാനിയുടെ പിന്തുണയിൽ സർക്കാർ ആസൂത്രണം ചെയ്ത തിരക്കഥ'; പ്രതികരണവുമായി ലത്തീൻ അതിരൂപത

''അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കട്ടെ. അക്രമം അഴിച്ചുവിട്ടവരുടെ ചേതോവികാരം എന്താണെന്ന് കണ്ടുപിടിക്കട്ടെ''

MediaOne Logo

Web Desk

  • Updated:

    2022-11-28 06:51:42.0

Published:

28 Nov 2022 4:03 AM GMT

അക്രമസംഭവങ്ങൾ അദാനിയുടെ പിന്തുണയിൽ സർക്കാർ ആസൂത്രണം ചെയ്ത തിരക്കഥ; പ്രതികരണവുമായി ലത്തീൻ അതിരൂപത
X

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങൾ സർക്കാർ തിരക്കഥയാണെന്ന് ലത്തീൻ അതിരൂപത. സമാധാനമായി നടന്നുവന്ന സമരമായിരുന്നു. അതിനെ തകർക്കാൻ സർക്കാർ ആസൂത്രണം ചെയ്ത തിരക്കഥയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കണ്ടത്. സമരക്കാർക്കെതിരെയുണ്ടായ അക്രമം സർക്കാരിന്റെയും അദാനിയുടെയും പിന്തുണയോടെയാണെന്നും അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര ആരോപിച്ചു.

ന്യായമായി സമരം ചെയ്യുന്നവരെ ആക്രമിക്കാൻ ആരാണ് മുൻകൈയെടുത്തത്? നിരന്തര പ്രകോപനമുണ്ടായതോടെ വികാരപരമായി പ്രതികരിക്കുകയാണുണ്ടായത്. സമരത്തെ നിർവീര്യമാക്കാൻ ആസൂത്രണം നടന്നു. ഒരു കുറ്റകൃത്യത്തിലും ഉൾപ്പെടാത്തവർക്കുമേൽ വധശ്രമ കുറ്റമടക്കം ചുമത്തി. അറസ്റ്റിനെ അന്വേഷിക്കാൻ വന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നും യൂജിൻ പെരേര മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി.

ഇന്നലെ നടന്ന സംഭവം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആ സംഘർഷത്തിനു പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ട്. പൊലീസ് പലരെയും തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടന്ന അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കട്ടെ. അക്രമം അഴിച്ചുവിട്ടവരുടെ ചേതോവികാരം എന്താണെന്ന് കണ്ടുപിടിക്കട്ടെയെന്നും ഫാദർ യൂജിൻ ആവശ്യപ്പെട്ടു.

പൊലീസുകാർക്കുണ്ടായ പരിക്കുകളിൽ ദുഃഖമുണ്ട്. ഇന്ന് കൂടുതൽ ചർച്ച നടത്തേണ്ടതായിട്ടുണ്ട്. ഇനി ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: The vicar general of the Latin Archdiocese, Fr. Eugene Perera alleged that the violence that happened last day during the Vizhinjam strike was a government script

TAGS :

Next Story