വിഴിഞ്ഞത്ത് നിലപാട് കടുപ്പിച്ച് സർക്കാർ; നഷ്ടം സമരക്കാരിൽനിന്ന് ഈടാക്കും
തുറമുഖ നിർമാണം നിർത്തിവെച്ചതോടെ ഒരു ദിവസം രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഇത് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം. അതിനിടെ വിഴിഞ്ഞം തുറമുഖ സമരം തുടരണമെന്ന് ആഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104-ാം ദിനമാണ്.
ഇന്നലെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ കല്ലേറും ഉണ്ടായി. നിർമാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു.
Adjust Story Font
16