വിഴിഞ്ഞം ട്രയൽ റൺ: 'പ്രതിപക്ഷ നേതാവിനെയും ശശി തരൂരിനെയും ക്ഷണിക്കാതിരുന്നത് ശരിയല്ല'- എം.എം ഹസ്സൻ
ജില്ലാ ആസ്ഥാനങ്ങളിൽ നാളെ യു.ഡി.എഫ് പ്രതിഷേധം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയൽ റണ്ണിനൊരുങ്ങുമ്പോൾ വിവാദങ്ങളും കൊഴുക്കുന്നു. പരിപാടിക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ചൂണ്ടികാണിച്ച് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ രംഗത്തുവന്നു. സ്ഥലം എം..പി ശശി തരൂരിനെയും ക്ഷണിക്കേണ്ടതായിരുന്നെന്നും എന്നാൽ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഹസൻ പറഞ്ഞു. പക്ഷെ ചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുമെന്നും നാളെ യുഡിഎഫ് ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം യുഡിഎഫിൻ്റെയും ഉമ്മൻചാണ്ടിയുടെയും കുഞ്ഞാണെന്നും പ്രതിപക്ഷത്തെ വിളിച്ചാൽ ക്രെഡിറ്റ് കൊടുക്കേണ്ടി വരുമെന്ന് സർക്കാർ ഭയക്കുന്നുണ്ടെന്നും, യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്നും വി.ഡി സതീശനും ആരോപിച്ചിരുന്നു.
വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. തുറമുഖ നിർമാണം മൂലം ജീവിതവും ഉപജീവനവും ബാധിച്ചവർക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും പുനരധിവാസത്തിന്റെ പുരോഗതി നിരാശാജനകമാണെന്നും അതിനാൽ പങ്കെടുക്കുന്നത് അനുചിതമായിരിക്കുമെന്നും തരൂർ പറഞ്ഞു.'ഈ പ്രശ്‌നങ്ങൾ തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് സർക്കാർ പരിഹരിക്കണം, തീരദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം, തരൂർ കൂട്ടിച്ചേർത്തു.
Adjust Story Font
16