'സെൽഫി എടുക്കാൻ മാത്രമാണ് മഴവെള്ളത്തിൽ പോസ്റ്റർ ഒട്ടിച്ചത്'- പ്രവർത്തകരെ താക്കീത് ചെയ്യുമെന്ന് വി.കെ ശ്രീകണ്ഠൻ എംപി
'പോസ്റ്ററിന്റെ പേരിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണമാണ്'
പാലക്കാട്: വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ദൃശ്യത്തിലുള്ള പാർട്ടി പ്രവർത്തകരെ താക്കീത് ചെയ്യുമെന്ന് വി.കെ ശ്രീകണ്ഠൻ എംപി. പോസ്റ്റർ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല. സെൽഫി എടുക്കാൻ മാത്രമാണ് മഴവെള്ളത്തിൽ പോസ്റ്റർ ഒട്ടിച്ചത്. പോസ്റ്ററിന്റെ പേരിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണമാണെന്നും എംപി പറഞ്ഞു.
അതേസമയം പോസ്റ്റർ ഒട്ടിച്ചത് ആരുടെയും നിർദേശപ്രകാരമല്ലെന്ന് കോൺഗ്രസ് പ്രവർത്തകൻ സെന്തിൽ പറഞ്ഞു. ആരേയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. ആവേശത്തിലാണ് പോസ്റ്റർ ഒട്ടിച്ചത്. പൊലീസ് ആവശ്യപ്പെട്ടപ്പോൾ തന്നെ പോസ്റ്റർ മാറ്റിയെന്നും സെന്തിൽ പറഞ്ഞു.
സംഭവത്തിൽ ഷൊർണൂർ ആർ.പി.എഫ് കേസ് എടുത്തിരുന്നു. ബി.ജെ.പിയുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. അനുമതിയില്ലാതെ സ്റ്റേഷനിൽ പ്രവേശിക്കൽ,ട്രെയിനിൽ പോസ്റ്റർ പതിക്കൽ, യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
വന്ദേഭാരതിന് ഷൊർണൂരിൽ സ്റ്റേഷൻ അനുവദിച്ച എം.പിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ട്രെയിനിൽ ഒട്ടിച്ചത്.ആർ.പി.എഫ് ഉദ്യോഗസ്ഥർ ഉടൻ പോസ്റ്ററുകൾ നീക്കം ചെയ്തിരുന്നു.
Adjust Story Font
16