Quantcast

''സംകൃത പമഗരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം'' വി.എം കുട്ടി; മാപ്പിളപ്പാട്ട് ജനകീയമാക്കിയ കലാകാരൻ

പ്രാദേശികമായി നിലനിന്നിരുന്ന മാപ്പിളപ്പാട്ടിനെ ഓർക്കസ്ട്ര രൂപത്തിലേക്ക് കൊണ്ടുവന്ന് ബഹുമുഖ സമൂഹത്തിൽ അവതരിപ്പിക്കുകയും ആലാപനം, ഗാനരചന, ഗ്രന്ഥ രചന എന്നീ തലങ്ങളിൽ സംഭാവന നൽകുകയും ചെയ്ത കലാകാരനായിരുന്നു

MediaOne Logo

Web Desk

  • Published:

    13 Oct 2021 2:33 AM GMT

സംകൃത പമഗരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം വി.എം കുട്ടി; മാപ്പിളപ്പാട്ട് ജനകീയമാക്കിയ കലാകാരൻ
X

''സംകൃത പമഗരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം'' 1984 ൽ വാഴപ്പള്ളി മുഹമ്മദ് എഴുതിയ ഈ വരികൾക്ക് സംഗീതം നൽകി വി.എം കുട്ടി പാടുന്നത് കേൾക്കുമ്പോൾ ഒന്നു തുള്ളിപോകാത്ത മലയാളിയുണ്ടാകില്ല. ''ആറ്റുനോറ്റ് ഞാൻ കൊണ്ടോട്ടി നേർച്ച കാണാൻ പോയി'' ഒപ്പം പാടി നോക്കാത്തവരുണ്ടാകില്ല. പടപ്പുകൾ ചെയ്യുന്ന, ഹക്കാന കോനമറാൽ, യാ ഇലാഹി ഇരു കരം നീട്ടി കരയുന്നേ, ഒട്ടേറെ ജാതിമതം, അന്നിരുപത്തൊന്നിൽ... ഇങ്ങനെ സംഗീതം നൽകുകയോ, ആലപിക്കുകയോ വരികൾ രചിക്കുകയോ ചെയ്ത് വി.എം കുട്ടി ജനമനസ്സിൽ ഇടം നൽകിയ മാപ്പിളപ്പാട്ടുകൾ നിരവധിയാണ്. പ്രാദേശികമായി നിലനിന്നിരുന്ന മാപ്പിളപ്പാട്ടിനെ ഓർക്കസ്ട്ര രൂപത്തിലേക്ക് കൊണ്ടുവന്ന് ബഹുമുഖ സമൂഹത്തിൽ അവതരിപ്പിക്കുകയും ആലാപനം, ഗാനരചന, ഗ്രന്ഥ രചന എന്നീ തലങ്ങളിൽ സംഭാവന നൽകുകയും ചെയ്ത കലാകാരനായിരുന്നു വി.എം. കുട്ടി. ഗൾഫ് നാടുകളിലടക്കം ഇദ്ദേഹം അവതരിപ്പിച്ച മാപ്പിളപ്പാട്ട് പരിപാടികൾ കാണാൻ നിരവധി പേർ ഒഴുകിയെത്തി.

ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം മാനവിക സന്ദേശങ്ങൾ പരിചയപ്പെടുത്തുന്ന പാട്ടുകളുമായി പുതിയ കാലത്തെ തിരിച്ചറിഞ്ഞു. പുതിയ കാലത്തെ സംവിധാനങ്ങളെ പ്രവർത്തന രംഗത്ത് ഉപയോഗപ്പെടുത്താനും ഇദ്ദേഹം ഒട്ടും മടിച്ചില്ല. വിളയിൽ ഫസീല, ചാന്ദ് പാഷ, വടകര കൃഷ്ണദാസ് തുടങ്ങീ നിരവധി പേരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. കോഴിക്കോട് ബാബുരാജുമായി സഹകരിച്ചു പ്രവർത്തിച്ചു. വിളയിൽ ഫസീല- വി.എം കുട്ടി ടീം മാപ്പിളപ്പാട്ടിന്റെ പര്യായമാകുന്ന തരത്തിൽ അസംഖ്യം പരിപാടികൾ അവതരിപ്പിച്ചു.

ഏഴു സിനിമകളിൽ പാട്ടുകൾ പാടിയ ഇദ്ദേഹം സംഗീത സംവിധാനരംഗത്തും ഗാനരചനാ രംഗത്തും സംഭവനകൾ നൽകി. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങൾ കൊണ്ട് ജനകീയമാക്കിയ വി.എം കുട്ടി സിനിമകളിലും പാടിയിട്ടുണ്ട്. 1935ൽ ഉണ്ണീൻ മുസ് ലിയാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനായി കൊണ്ടോട്ടിക്ക് സമീപം പുളിക്കലിലായിരുന്നു ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്‌കൂളിൽ അധ്യാപകനായി. 1985ൽ അധ്യപനരംഗത്ത് നിന്ന് വിരമിച്ചു.

1954ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957ൽ ഗ്രൂപ്പ് തുടങ്ങിയ വി.എം. കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിച്ചു. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിൽ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം, സിനിമ, കാസറ്റുകൾ എന്നിവക്ക് വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം രാവ്, ഉൽപത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം, 1921, മാർക്ക് ആൻറണി അടക്കം എട്ടോളം സിനിമകളിൽ പാടിയ വി.എം. കുട്ടി മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എം.എൻ. കാരശ്ശേരിയുമായി ചേർന്ന് 'മാപ്പിളപ്പാട്ടിന്റെ ലോകം' എന്ന കൃതി രചിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് ലോകം, മാപ്പിളപ്പാട്ടിന്റെ തായ്‌വേര്, മാപ്പിളപ്പാട്ടിന്റെ വർത്തമാനം എന്നീ ഗ്രന്ഥങ്ങളും രചിച്ചു.

മാപ്പിളകലാരംഗത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള ഫോക് ലോർ അക്കാദമി അവാർഡ് (2020), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം നൽകി വി.എം കുട്ടിയെ ആദരിച്ചിരുന്നു.

TAGS :

Next Story