തൊഴിൽപരിശീലന കേന്ദ്രവും ബഡ്സ് റി-ഹാബിലിറ്റേഷൻ സെന്ററും നവംബർ ഒന്ന് മുതൽ തുറക്കും: മുഖ്യമന്ത്രി
ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ അറിയിച്ചു
സംസ്ഥാനത്തെ എല്ലാ വകുപ്പിനും കീഴിലുള്ള തൊഴിൽപരിശീലന കേന്ദ്രങ്ങൾ, പകൽ പരിപാലന കേന്ദ്രങ്ങൾ, ഷെൽറ്റേർഡ് വർക്ക്ഷോപ്പുകൾ, ബഡ്സ് റി-ഹാബിലിറ്റേഷൻ സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ നവംബർ ഒന്നു മുതൽ തുറന്നുപ്രവർത്തിക്കാൻ അനുവാദം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ അറിയിച്ചു.
എല്ലാ ജില്ലകളിലും സമ്പർക്കാന്വേഷണം വർദ്ധിപ്പിക്കണമെന്നും വാക്സിനേഷൻ പൂർത്തീകരിക്കുക, സമ്പർക്കാന്വേഷണം വർദ്ധിപ്പിക്കുക എന്നിവയാണ് കോവിഡ് വ്യാപനം തടയുന്നതിന് നിലവിലുള്ള സാഹചര്യത്തിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലകളിലെ സമ്പർക്കാന്വേഷണത്തിന്റെ ശരാശരി 4.25 ശതമാനമാണ്. സമ്പർക്കാന്വേഷണം കൂടുതലുള്ള ജില്ലകളിൽ ആർ.ടി മൂല്യം കുറവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാക്സിനേഷൻ കുറവുള്ള ജില്ലകൾ കണ്ടെത്തി നിരീക്ഷണം നടത്താനും വാക്സിനേഷൻ കൂട്ടാനുമുള്ള നടപടികളെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഡെൽറ്റാ പ്ലസ് വൈറസുകൾ സംബന്ധിച്ച് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന കാര്യം ജനങ്ങളെ ബോധവത്ക്കരിക്കണം. സ്‌കൂളുകൾ തുറക്കുന്നതിനാൽ അവിടെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തിരമായി മാറ്റാനുള്ള നടപടിയെടുക്കാൻ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ക്യാമ്പുകൾക്കായി വലിയ ഹാളുകളോ വീടുകളോ കണ്ടെത്താവുന്നതാണന്ന് മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16