ജുമുഅ ഒഴിവാക്കിയാണെങ്കിൽ പോലും വോട്ട് ഉറപ്പാക്കണം: നജീബ് മൗലവി
"മതിയായ കാരണമുണ്ടെങ്കിൽ പോളിങ് ഏജന്റുമാർക്ക് ജുമുഅ ഒഴിവാക്കാം"
കോഴിക്കോട്: വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം വോട്ട് രേഖപ്പെടുത്തുന്നതിന് തടസ്സമാകരുതെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി. മതിയായ കാരണങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഏജന്റുമാർക്ക് പോളിങ് ദിവസം ജുമുഅ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ വോട്ടു ചെയ്യേണ്ടത് ഇത്തവണ അനിവാര്യമാണെന്നും മൗലവി കൂട്ടിച്ചേർത്തു. ഇസ്‌ലാമിക ചരിത്രം ഉദ്ധരിച്ചാണ് നജീബ് മൗലവി ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചത്. അതിങ്ങനെ;
'വോട്ടെടുപ്പ് വെള്ളിയാഴ്ച തന്നെ നടത്തി മുസ്‌ലിംകളുടെ വോട്ട് ഇല്ലാതാക്കാനാണ് മുസ്‌ലിം വിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെങ്കിൽ അത് അനുവദിക്കരുത്. ജുമുഅയുടെ പേരു പറഞ്ഞ് ഒരിക്കലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രയാസമുണ്ടാകരുത്. ഒരുപാട് കാര്യങ്ങൾക്കു വേണ്ടി ജുമുഅ ഒഴിവാക്കാം. മഹാനായ സഈദു ബ്‌നു സൈദിന് രോഗമാണ് എന്ന് ഇബ്‌നു ഉമറിന് (പ്രവാചക അനുയായികൾ) വിവരം കിട്ടി. നല്ല ഉച്ച നേരത്താണ് ഈ വിവരം കിട്ടിയത്. അന്ന് മദീനയിലെ പള്ളിയിലെ ജുമുഅ ഒഴിവാക്കി അദ്ദേഹം സഈദു ബ്‌നു സൈദിനെ സന്ദർശിക്കാൻ പോയി. കാരണം ആ രോഗസന്ദർശനത്തിന് അവിടെ എത്തേണ്ടത് അനിവാര്യമായിരുന്നു. ആ സഹാബിയുടെ രോഗശുശ്രൂഷയ്ക്ക് ആവശ്യം വന്നപ്പോൾ അദ്ദേഹം ജുമുഅ ഒഴിവാക്കി. രോഗ ശുശ്രൂഷയ്ക്ക് നമ്മൾ ഇപ്പോഴും ജുമുഅ ഒഴിവാക്കുന്നുണ്ടല്ലോ.' - മൗലവി ചൂണ്ടിക്കാട്ടി.
'നമ്മൾ ജുമുഅ നിസ്‌കരിക്കാൻ പോകുന്ന നേരം ഏതെങ്കിലും വികൃതികൾ നമ്മുടെ വോട്ട് യന്ത്രം നാശമാക്കിയാലോ കള്ളവോട്ടു ചെയ്താലോ, അവരുടെ വോട്ടുപെട്ടിയോ അവരുടെ വോട്ടു നമ്പറോ നിറയ്ക്കാൻ വേണ്ടി ശ്രമിക്കും എന്ന് ഭയമുണ്ടെങ്കിൽ തീർച്ചയായും മുസ്‌ലിംകൾ ജാഗ്രത കാണിക്കണം. അതുകൊണ്ടു തന്നെ ഇലക്ഷൻ ബൂത്ത് ഏജന്റുമാരോ പ്രവർത്തകരുടെ ജുമുഅയുടെ പേരു പറഞ്ഞ് അവരുടെ ഉത്തരവാദിത്വത്തിൽനിന്ന് മാറി നിൽക്കരുത്. ജുമുഅ അവർക്ക് നിർബന്ധമാണെങ്കിൽ പോലും അവർക്ക് കാരണം ഉള്ളതു കൊണ്ട് ജുമുഅ ഒഴിവാക്കാം. ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ത്യയുടെ നിലനിൽപ്പിനും വേണ്ടി, വർഗീയതക്ക് എതിരായി വോട്ടു വിനിയോഗിക്കുന്നതിന് വലിയ വിലയുണ്ട്.' - മൗലവി വ്യക്തമാക്കി.
ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്. ജുമുഅ നമസ്‌കാരം ഉള്ളതു കൊണ്ട് മുസ്‌ലിംകൾക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ നിരവധി മത-രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുകൂലമായ സമീപനം സ്വീകരിച്ചിട്ടില്ല. ഇലക്ഷൻ കമ്മിഷൻ തിയ്യതി മാറ്റിയില്ലെങ്കിൽ പ്രശ്‌നമില്ലെന്നും അതിനെ മറികടക്കാൻ മുസ്‌ലിംകളുടെ പക്കൽ മറ്റു വഴികളുണ്ടെന്നും നജീബ് മൗലവി പറയുന്നു.
തെരഞ്ഞെടുപ്പ് ദിവസം ഒരു പള്ളിയിൽ ഒന്നിലധികം ജുമുഅ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഇസ്ലാം മതത്തിൽ വഴിയുണ്ടെന്നും അദ്ദേഹം പറയുന്നു.
Adjust Story Font
16