വി.എസ്.എസ്.സി പരീക്ഷാത്തട്ടിപ്പ്: കേരളാ പൊലീസ് വീണ്ടും ഹരിയാനയില്‍; കൂടുതൽ അറസ്റ്റുണ്ടായേക്കും
കേസിൽ ഇതുവരെ 10 പേരെയാണ് പിടികൂടിയത്
തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. കേസിൽ വിശദമായ അന്വേഷണത്തിനായി പൊലീസ് സംഘം ഹരിയാനയിലേക്ക് പുറപ്പെട്ടു. കൂടുതൽ പ്രതികൾ ഹരിയാനയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യാത്ര. കേസിൽ ഇതുവരെ 10 പേരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാന മൂന്ന് പ്രതികളെ പിടികൂടുന്നതിന് വേണ്ടിയാണ് ഹരിയാനയിലേക്ക് വീണ്ടും സംഘം പുറപ്പെട്ടത്. നിലവിൽ പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് സംഘം ഹരിയാനയിലുണ്ട്.
ഇവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പ്രതികൾ ഹരിയാനയിൽ ഉണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഒരു എ.സി.പിയുടെ നേതൃത്വത്തിൽ മൂന്ന് സി.ഐമാർ അടങ്ങുന്ന എട്ടംഗ സംഘമാണ് ഹരിയാനയിലേക്ക് വീണ്ടും പുറപ്പെട്ടത്. ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിനുള്ള പ്രതിഫലം ഏഴ് ലക്ഷം രൂപയാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംഘം ഹരിയാനയിൽ മുൻപും പരീക്ഷാത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്തെത്തി തട്ടിപ്പ് നടത്തിയവർക്ക് പ്രതിഫലം മുൻകൂറായി നൽകി. തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത് ഹരിയാനയിലെ ജിന്ദ് ജില്ലയിലുള്ള വൻ സംഘമാണെന്നും പൊലീസ് കണ്ടെത്തി. 2018 മുതൽ ഹരിയാനയിൽ തന്നെ പലതവണ പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഘമാണ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലും തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. വി.എസ്.എസ്.സിയിൽ ടെക്‌നീഷ്യന്മാരെ നിയമിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു.
Adjust Story Font
16