ഇത് ബാബു ബജ്‌രംഗി, 'എംപുരാൻ' മാറി വല്ല 'ഏഴാം തമ്പുരാനും' ആവുന്നതിന് മുമ്പ് ഒരു സംഘ്പരിവാർ ക്രിമിനലിനെ അടയാളപ്പെടുത്തുന്നു: വി.ടി ബൽറാം
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ 'എംപുരാൻ' റീസെൻസറിങ്ങിന് വിധേയമാകുന്നുവെന്ന റിപ്പോർട്ടിനിടെയാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോഴിക്കോട്: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ 'എംപുരാൻ' റീസെൻസറിങ്ങിന് വിധേയമാകുന്നുവെന്ന റിപ്പോർട്ടിനിടെ സിനിമയിൽ പരാമർശിക്കുന്ന ബജ്‌രംഗിയുടെ യഥാർഥ ചിത്ര പുറത്തുവിട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം.
''ഇത് ബാബു ബജ്രംഗി. സംഘ്പരിവാർ സംഘടനയായ ബജ്റംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്നു. ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ (97 മുസ്‌ലിംകൾ കൊല്ലപ്പെട്ടു - 36 സ്ത്രീകൾ, 35 കുട്ടികൾ, 26 പുരുഷന്മാർ) പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇപ്പോൾ പരോളിലാണ്. 2014ൽ മോദി സർക്കാർ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും പല കാരണങ്ങൾ പറഞ്ഞ് പരോളിലായിരുന്നു ഇയാൾ.
പരോൾ സമയത്തൊരിക്കൽ തെഹൽക്ക നടത്തിയ ഒരു സ്റ്റിങ് ഓപ്പറേഷനിൽ ഒളിക്യാമറയിൽ ബാബു ബജ്രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട് കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച്. തന്നെ സഹായിക്കാൻ വേണ്ടി നരേന്ദ്ര മോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും വിഡിയോയിൽ ബജ്രംഗി അവകാശപ്പെടുന്നുണ്ട്. 'എംപുരാൻ' പേര് മാറി വല്ല 'ഏഴാം തമ്പുരാനും' ആവുന്നതിന് മുമ്പ് യഥാർത്ഥ പേരിലുള്ള ഒരു സംഘ്പരിവാർ ക്രിമിനലിനെ ഇവിടെ അടയാളപ്പെടുത്തി വെക്കുന്നു എന്നേയുള്ളൂ''-ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16