''കടമെടുത്ത് നാടിനെ കുത്തുപാളയെടുപ്പിക്കുന്ന കാരണഭൂതർ''; ശ്രീലങ്കൻ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെ-റെയിലിൽ ബൽറാമിന്റെ ഒളിയമ്പ്
കോടികൾ കടമെടുത്ത് സംസ്ഥാനത്ത് നടപ്പാക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെയാണ് അയൽരാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിമർശനം
കെ-റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് വിമർശനം. വൻകിട പദ്ധതികൾക്കായി കടം വാങ്ങി നാടിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ടെന്ന് പറഞ്ഞ ഭരണാധികാരികളെന്നു പരിചയപ്പെടുത്തിയാണ് ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ശ്രീലങ്കൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ, പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ എന്നിവരുടെ ചിത്രങ്ങൾ പങ്കിട്ട് ശ്രീലങ്കയുടെ കേപ്ടനും വൈസ് കേപ്ടനുമെന്നാണ് ബൽറാം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വമ്പൻ പദ്ധതികളുടെ പേരിൽ കടമെടുത്ത് മുടിച്ച് ഒരു നാടിനെ കുത്തുപാളയെടുപ്പിക്കുന്നതിന്റെ കാരണഭൂതരെന്നും കുറിപ്പിൽ തുടരുന്നു.
കോടികൾ കടമെടുത്ത് സംസ്ഥാനത്ത് നടപ്പാക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെയാണ് അയൽരാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിമർശനം. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണിപ്പോൾ ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യ ശേഖരം തീർന്നതോടെ അവശ്യവസ്തുക്കളുടെ ഇറക്കുമതി പറ്റെ കുറഞ്ഞതാണ് പ്രതിസന്ധി വഷളാക്കിയത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി രാജ്യത്തിന് ആവശ്യമായ അടിസ്ഥാനചരക്കുകളൊന്നും ഇറക്കുമതി ചെയ്യാൻ പണമില്ലാത്ത സ്ഥിതിയാണ്. പ്രതിസന്ധി മറികടക്കാൻ ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം വരെ കുറച്ചതോടെ നിത്യോപയോഗ വസ്തുക്കളുടെയെല്ലാം വില കുത്തനെ കുതിച്ചുയർന്നു.
ഒരു കിലോ അരിക്ക് 448 ശ്രീലങ്കൻ രൂപയാണ് പുതിയ വില. ഏകദേശം 128 ഇന്ത്യൻ രൂപ വരുമിത്. പാൽവില ലിറ്ററിന് 263 ലങ്കൻ രൂപയും. പഞ്ചസാരയുടെയും പാൽപ്പൊടിയുടെയും ധാന്യങ്ങളുടെയുമടക്കം വില കുതിച്ചുയരുകയാണ്. ഒരു കപ്പ് ചായക്ക് നൂറു ലങ്കൻ രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ.
Summary: Congress leader VT Balram Kerala government on K-Rail project citing economic crisis in Sri Lanka
Adjust Story Font
16