അംബേദ്കര്‍ കോളനിയിലെ സമരക്കാര്‍ക്കെതിരെ സി.പി.എം പകപോക്കുന്നു : വി.ടി ബല്‍റാം
അംബേദ്കർ കോളനിയിലെ കുടില്‍ കെട്ടി സമര വേദി സന്ദര്‍ശിച്ചതിന് ശേഷമാണ് വി.ടി ബല്‍റാമിന്‍റെ പ്രതികരണം.
പാലക്കാട് ഗോവിന്ദാപുരം അബേദ്കർ കോളനിയിലെ ചക്ലിയ വിഭാഗത്തിൽ പെടുന്ന പട്ടിക ജാതിക്കാർക്കെതിരെ തുടരുന്ന വിവേചനങ്ങളിൽ പ്രതിഷേധവുമായി മുൻ എം.എൽ.എ വി.ടി ബൽറാം. സമരക്കാര്‍ക്കെതിരെ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി കള്ളക്കേസുകള്‍ ചുമത്തുന്നത് പതിവാണ് എന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി വിഭാഗക്കാർക്കുള്ള വീടും സ്ഥലവും അനുവദിക്കുന്നില്ലെന്നാരോപിച്ച് ഗോവിന്ദാപുരം അംബേദ്കർ കോളനിയില്‍ ചക്ലിയ വിഭാഗക്കാര്‍ നടത്തുന്ന കുടില്‍ കെട്ടി സമര വേദി സന്ദര്‍ശിച്ചതിന് ശേഷമാണ് വി.ടി ബല്‍റാമിന്‍റെ പ്രതികരണം.
'സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 34 എസ്.സി കുടുംബങ്ങളാണ് കഴിഞ്ഞ നാല് ദിവസമായി അവിടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടിൽ കെട്ടി സമരം നടത്തി വരുന്നത്. ഇതിൽ വിധവകളും രോഗികളുമെല്ലാമുണ്ട്. വാടകക്ക് താമസിക്കുന്ന പലരുടേയും കുടുംബത്തിൽ 14 ഉം 15 ഉം അംഗങ്ങൾ വരെയുണ്ട്. എല്ലാ നിലക്കും അവകാശപ്പെട്ട ഇവർക്കൊന്നും വീടിനും സ്ഥലത്തിനുമുള്ള സഹായം നൽകാതെ പഞ്ചായത്തിന് രാഷ്ട്രീയമായി വേണ്ടപ്പെട്ടവർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ആവർത്തിച്ചു നൽകുന്നത്' വി.ടി ബല്‍റാം പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടറുമൊക്കെ നിരവധി തവണ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. വിശദമായ പരിശോധനകൾ നടത്തി 34 അപേക്ഷകരുടെ ലിസ്റ്റ് തയ്യാറാക്കി 2020 ജൂൺ മാസത്തിൽത്തന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും പ്രശ്ന പരിഹാരത്തിന് തടസ്സമാവുന്നത് സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ പകപോക്കലാണ് എന്നും സമരം ചെയ്യുന്നവർക്കെതിരെ പോലീസിനെ ഉപയോഗപ്പെടുത്തി കള്ളക്കേസുകൾ ചമക്കുന്നതും ഇവിടെ പതിവാണെന്നും വി.ടി ബല്‍റാം പറഞ്ഞു.
2014-മുതൽ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാത്ത 18 കുടുംബങ്ങളും സ്ഥലമോ വീടോ ഇല്ലാത്ത 50-ലധികം പട്ടികജാതി കുടുംബങ്ങളുമാണ് മുതലമട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ അനിശ്ചിതകാലസമരത്തിൽ പങ്കെടുക്കുന്നത്. സമരം നാല് ദിവസം പിന്നിട്ടു
Adjust Story Font
16